തിരുവനന്തപുരം: തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയാ രാജേഷ്. അധിക തസ്തികകൾ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയമനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാൽ ഒമ്പതിനായരത്തിലധികം നിയമനം നടക്കുമെന്നും ലയ വ്യക്തമാക്കി.
എൽ ഡി പോലുളള ലിസ്റ്റുകളിൽ മാസങ്ങൾ ബാക്കി നിൽക്കുമ്പോഴും ഒരുപാട് നിയമനങ്ങൾ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങൾക്ക് അർഹതപ്പെട്ട പോസ്റ്റുകളാണ് ചോദിക്കുന്നത്. സമരം അങ്ങനെ നിർത്തില്ല. അഞ്ചിലൊന്ന് നിയമനമെന്ന ഉത്തരവ് നടപ്പായാൽ സമരം നിർത്തുമെന്നും ലയാ രാജേഷ് വ്യക്തമാക്കി.
നിർണായക മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് ലയയുടെ പ്രതികരണം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് ഉദ്യോഗാർത്ഥിയുടെ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കാം.