തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും പൊതുജനമദ്ധ്യത്തിൽ ചർച്ച ചെയ്യാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളിൽ ജാഗ്രത വേണമെന്ന് സി പി എം. സ്ത്രീ വോട്ടർമാരെ ലക്ഷ്യം വച്ച് വർഗീയ ശക്തികൾ പ്രചരണം അഴിച്ചുവിടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പാർട്ടി ഘടകങ്ങൾക്ക് സി പി എം നിർദ്ദേശം നൽകി. ശബരിമല പ്രക്ഷോഭകാലത്ത് നാമജപ ഘോഷയാത്രയുടെ പേരിൽ വൻതോതിൽ സ്ത്രീകൾ നിരത്തിലിറങ്ങിയിരുന്നു, ഇത് പാർട്ടി കുടുംബങ്ങളിലെ വനിതകളെ വരെ സ്വാധീനിച്ചു എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. നവോത്ഥാനത്തിന്റെ പേരിൽ വനിത മതിൽ ഉയർത്തി പ്രതിരോധം തീർക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലവത്തായില്ല എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ ഫലം.
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണകടത്ത് അടക്കമുള്ള വിഷയങ്ങളായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ ഇതിൽ വേണ്ടത്ര പ്രയോജനം ഉണ്ടാവാത്തതിനെ തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും വിശ്വാസത്തേയും ശബരിമലയേയും കൂട്ടുപിടിക്കുവാനാണ് പ്രതിപക്ഷനീക്കമെന്ന് സി പി എം വിലയിരുത്തുന്നു. അതിനാൽ തന്നെ പരമാവധി സംയമനം പാലിക്കുവാനും വിവാദ വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്നുമാണ് പാർട്ടി മേൽഘടകം നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കേരളത്തിലെ ഒരു പാർട്ടി സ്ഥിരമായി ആരാധനാലയങ്ങളിൽ പോകുന്ന വനിതകളെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിലൂടെ പ്രവർത്തനം നടത്തുന്നതായും അടുത്തിടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനെ വെല്ലുവിളിയായി കണ്ട് സ്ത്രീകൾക്കിടയിൽ വനിത സഖാക്കളുടെ നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾ നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രധാനമായും പെൻഷൻ, ഭക്ഷ്യകിറ്റ് തുടങ്ങിയ ക്ഷേമ പദ്ധതികളെ കുറിച്ച് സ്ത്രീ വോട്ടർമാരുടെ ഇടയിൽ പ്രചരിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വാട്സാപ്പ് കൂട്ടായ്മപോലുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിനായുള്ള പ്രവർത്തനം ശക്തമാക്കും. യുവജന സംഘടനകൾക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.