തിരുവനന്തപുരം: ഉത്തർപ്രദേശിയിൽ രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് ആർ എസ് എസിൻെറ തിരക്കഥ പ്രകാരമാണെന്ന ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തി. സംഭവത്തിൽ സി ബി ഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ വ്യാപനത്തിന്റെ ഭാഗമായിട്ടാണ് പ്രവർത്തകരായ അൻഷാദും ഫിറോസും കേരളത്തിന് പുറത്തേയ്ക്ക് സഞ്ചരിച്ചതെന്നും ബീഹാറിൽ നിന്നും മുംബയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവരുമായുള്ള ബന്ധം നഷ്ടമായതെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു. ഇതേ തുടർന്ന് ഫെബ്രുവരി 15ന് അൻഷാദിന്റെയും 16ന് രാവിലെ ഫിറോസിന്റെയും കുടുംബം കേരള പോലീസിന് പ്രാദേശിക സ്റ്റേഷനുകളിൽ പരാതി സമർപ്പിച്ചിരുന്നു. യു പിയിലൂടെ ട്രയിനിൽ യാത്ര ചെയ്യുന്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. മുസ്ലീം യുവാക്കളെ
അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യുപി മാറിയിരിക്കുകയാണെന്നും മോദിയേയും ആർഎസ്എസിനേയും വിമർശിക്കുന്നവരെയെല്ലാം വേട്ടയാടി തുറങ്കിലടയ്ക്കുകയാണെന്നും പത്രക്കുറിപ്പിൽ പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.
അതേസമയം ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കളുമായി പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു എന്നവിവരമാണ് പൊലീസിൽ നിന്നും ലഭിക്കുന്നത്. പത്തനംതിട്ട സ്വദേശി അൻഷാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെയാണ് യു.പി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തുക്കൾക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു.പി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായാണ് യു.പി പൊലീസ് പറയുന്നത്.
സ്ഫോടനം ലക്ഷ്യമിട്ട് ഉത്തർപ്രദേശിലേക്ക് രണ്ട് പേർ എത്തുന്നു എന്ന് ഫെബ്രുവരി 11ന് പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേതുടർന്ന് പൊലീസ് വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഗുദംബയിലെ കുക്രെയിൽ എന്ന സ്ഥലത്തുവച്ച് പ്രത്യേകാന്വേഷണസംഘം ഇരുവരെയും പിടികൂടിയത്. ഉത്തർപ്രദേശിൽ നിന്ന് യുവാക്കളെ ഭീകരപ്രവർത്തനത്തിനും ആക്രമണങ്ങൾക്കും റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമം നടത്തിയെന്നും പൊലീസ് അറിയിച്ചു.