കൊച്ചി: ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡീഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ മേളയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. സലിംകുമാറിനെ അവഗണിച്ചെന്ന പരാതിയിൽ അക്കാഡമിയുടെയോ, സർക്കാരിന്റെയോ ഭാഗത്ത് നിന്ന് ബോധപൂർവമായ തെറ്റുണ്ടായിട്ടില്ല. അഥവാ എന്തെങ്കിലും സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തണമെന്ന് പറഞ്ഞാൽ അതിനെ രാഷ്ട്രീയമായി കാണരുത്. സലിംകുമാറുമായി സർക്കാരിനും തനിക്കും നല്ല ബന്ധമാണുള്ളത്. സലിംകുമാർ ചിത്രാഞ്ജലി സ്റ്റുഡിയോ വഴി നിർമിച്ച കറുത്തജൂതൻ എന്ന ചിത്രത്തിന് 1,87,500 രൂപ സബ്സിഡി നൽകാൻ നടപടി സ്വീകരിച്ചത് ഈ സർക്കാരാണ്. അനശ്വര നടൻ സത്യന്റെ സ്മാരകമായി 4 കോടി ചെലവിൽ ചലച്ചിത്ര അക്കാഡമിയുടെ ആസ്ഥാനത്ത് അതിമനോഹരമായ കെട്ടിടം പൂർത്തീകരിച്ചു. പ്രേം നസീറിന്റെ ജന്മനാട്ടിൽ സാംസ്കാരിക സ്ഥാപനം പണിതത് പിണറായി സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
സരിത തിയേറ്ററിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സംവിധായകൻ കെ.ജി. ജോർജും കഴിഞ്ഞ 10 വർഷത്തിനിടെ ദേശീയ, സംസ്ഥാന ബഹുമതികൾ കരസ്ഥമാക്കിയിട്ടുള്ള 24 സിനിമാ പ്രവർത്തകരും ചേർന്ന് ഫിലിം ഫെസ്റ്റിവലിന് ദീപംതെളിച്ചു.