ബുചാറസ്റ്റ്: അതിസുന്ദരിയായത് മൂലം മുൻ റൊമാനിയൻ മോഡലും വിവിധ സൗന്ദര്യമത്സരങ്ങളിലെ വിജയിയുമായ ക്ലോഡിയ അർഡിലീന് നഷ്ടമായത് ഏറെ ആശിച്ച് നേടിയ ജോലിയാണ്.
നിയമത്തിൽ ഇരട്ട ബിരുദവും യൂറോപ്യൻ എത്തിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ ക്ലോഡിയക്ക്. റൊമേനിയൻ ന്യുമോണിയ ക്ലിനിക്ക് ഹോസ്പിറ്റലിന്റെ ഡയറക്ടർ ബോർഡിൽ ക്ലജ് പ്രതിനിധിയായി തനിക്ക് ജോലി ലഭിച്ച വിവരം അറിയിച്ചുകൊണ്ട് ക്ലോഡിയ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് അവർക്ക് വിനയായത്. ക്ലോഡിയയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തത്. പോസ്റ്റ് ക്ലോഡിയ നീക്കം ചെയ്തെങ്കിലും വിമർശനം രൂക്ഷമായതോടെ ആശുപത്രി ബോർഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ക്ലോഡിയയെ ജോലിയിൽ നിന്നും നിർബന്ധപൂർവം ഒഴിവാക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് ക്ലജ് കൗൺസിൽ പ്രസിഡന്റ് അലിൻ ടിസ് പ്രതികരിച്ചു. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാർത്തകളും ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിലെ താരം
നിലവിൽ ഒരു പ്രാദേശിക സ്ഥാപനത്തിൽ നിയമ വിദഗ്ദ്ധയായി ജോലി ചെയ്യുന്ന ക്ലോഡിയ സമൂഹമാദ്ധ്യമങ്ങളിലെതാരമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 41,600ലേറെ ഫോളോവേഴ്സ് ക്ലോഡിയയ്ക്കുണ്ട്.
ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും എനിക്കുണ്ടായിരുന്നു.ഞാനൊരു അഭിഭാഷകയാണ്. നിയമത്തിൽ രണ്ട് ഡിഗ്രികളുണ്ട്. സ്വന്തമായി ഒരു ബിസിനസും നടത്തുന്നു. ഒരാളുടെ കഴിവും യോഗ്യതയും നിർണയിക്കുന്നതിൽ സൗന്ദര്യത്തിന് പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല -
ക്ലോഡിയ