അയോധ്യ : രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർത്ഥനയുമായി ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ധാരാളമായി വെള്ളിക്കട്ടികൾ സംഭാവന ചെയ്തതിനാൽ ഇവ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ സ്ഥലം തികയാതെ വന്നതോടെയാണ് ഇത്തരമൊരു അഭ്യർത്ഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത്. 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് സംഭാവനയായി ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്.
'രാമക്ഷേത്ര നിർമാണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആളുകൾ വെള്ളിക്കട്ടികൾ അയയ്ക്കുന്നുണ്ട്. അതെല്ലാം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഭക്തർ വീണ്ടും വെള്ളിക്കട്ടികൾ അയയ്ക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്. കൂടുതൽ വെള്ളി ആവശ്യമായി വരികയാണെങ്കിൽ അക്കാര്യം അപ്പോൾ അറിയിക്കാം.' ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറയുന്നു.
ക്ഷേത്ര നിർമാണത്തിനായി ഇതുവരെ 1600 കോടിയാണ് സംഭാവന ലഭിച്ചിരിക്കുന്നത്. പണപ്പിരിവിനായി 1,50,000 ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. 39 മാസങ്ങൾക്കുളളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.