തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെളളാപ്പളളി നടേശൻ. ദുരിതകാലത്ത് സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാണ് വോട്ടായി മാറിയത്. മാദ്ധ്യമങ്ങൾ എന്തൊക്കെ പ്രചാരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർക്കാർ മുന്നേറ്റം നടത്തിയെന്നും വെളളാപ്പളളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ എസ് എൻ ഡി പി യോഗത്തിന്റെ നിലപാട് സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും സാമൂഹിക നീതി പാലിക്കുന്നുണ്ടോയെന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സി പി ഐ നിലപാട് നല്ലതാണ്. എന്നാൽ ചേർത്തലയിൽ തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ട് വരുമെന്നും അദ്ദേഹം ചോദിച്ചു. തിലോത്തമൻ ജനകീയനാണ്. ചേർത്തലയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സി പി ഐ ഒന്നുകൂടി ചിന്തിക്കണം. ആരെ സ്ഥാനാർത്ഥി ആക്കിയാലും ജനങ്ങൾ ഉൾക്കൊളളണമെന്നില്ലെന്നും വെളളാപ്പളളി പറഞ്ഞു.
മതനേതാക്കളെ കാണണ്ട എന്നു തീരുമാനിച്ച യു ഡി എഫ് ഇപ്പോൾ മത മേലദ്ധ്യക്ഷന്മാരെ കാണുന്നു. എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് സത്യമാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് മാഷ് പറഞ്ഞത്. വിശ്വാസികളെ മാറ്റി നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പോകുന്നില്ല. ഗോവിന്ദൻ മാസ്റ്ററെ ക്രൂശിക്കാൻ ശ്രമം നടന്നുവെന്നും വെളളാപ്പളളി പറഞ്ഞു.
മാണി സി കാപ്പൻ പാലാ സീറ്റ് ചോദിച്ചതിൽ എന്താണ് തെറ്റെന്ന ചോദിച്ച അദ്ദേഹം കാപ്പൻ നന്ദി ഉളളയാളാണെന്നും പറഞ്ഞു. കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല. ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യതയെന്നും വെളളാപ്പളളി വിമർശിച്ചു. ക്രിസ്ത്യാനി അല്ലാത്ത ഒരാളെ അവിടെ എന്തു കൊണ്ട് സ്ഥാനാർത്ഥി ആക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
ബി ഡി ജെ സി ന് ബി ജെ പി നൽകിയ വാഗ്ദ്ധാനങ്ങൾ പാലിച്ചില്ല. ബി ജെ പി.യുടെ വായിലെ ചോക്ലേറ്റ് ആകാതെ ബി ഡി ജെ എസ് നോക്കണം. കേരളത്തിൽ തുടർ ഭരണത്തിന് സാദ്ധ്യതയുണ്ടെന്നും പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.