തിരുവനന്തപുരം: സർക്കാരിൽ നിന്ന് ചർച്ച സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പി എസ് സി ഉദ്യോഗാർത്ഥികൾ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും, എന്നിരുന്നാലും ചർച്ച നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. ഏത് നിമിഷവും ചർച്ചയ്ക്ക് തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സർക്കാരിനോട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടൻ ചർച്ച നടത്തണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം.
ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടതിന് പിന്നാലെയാണ് പിണറായി വിജയൻ ഗവർണറെ കണ്ടത്.