തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി സംസ്ഥാന സർക്കാർ. സി പി ഒ റാങ്ക് ലിസ്റ്റിലുളളവരോടാണ് ചർച്ചയ്ക്ക് തയ്യാറാകാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ കത്ത് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പ്രതിനിധിയായി എത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൈമാറി.
കത്തുമായി സർക്കാർ ഉദ്യോഗസ്ഥൻ എത്തിയെന്ന് എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയാ രാജേഷാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കത്ത് തന്റെ പേരിലല്ലായിരുന്നു. റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിലായിരുന്നു കത്ത്. ഈ ഉദ്യോഗാർത്ഥി സ്ഥലത്തില്ലാത്തതിനാൽ വിലാസം മാറ്റാനായി കൊണ്ടുപോയി. കത്ത് തന്റെ പേരിൽ മാറ്റി നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നും ലയ പറഞ്ഞു. കത്തിന്റെ ഉളളടക്കം എന്തെന്ന് വ്യക്തമല്ല. ചർച്ചയ്ക്കായുളള സർക്കാരിന്റെ ക്ഷണമാണെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലയ പറയുന്നത്.
അതേസമയം, പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. പതിമൂന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്ഡേഴ്സിന്റെ പ്രതിഷേധം. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്.
ചർച്ച വേണ്ടെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ടെന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.