രണ്ട് ദിവസമായി ഇന്ത്യൻ സിനിമാലോകം മലയാള സിനിമയെ ഉറ്റുനോക്കുകയാണ്. ദൃശ്യം- 2 എന്ന ചിത്രത്തിന്റെ വരവ് തന്നെ കാരണം. ജോർജുകുട്ടിയെ ആഘോഷമാക്കുകയാണ് സിനിമാ പ്രേമികൾ. ആദ്യഭാഗത്തെ വെല്ലുന്ന ബ്രില്യൻസിൽ ജീത്തു ജോസഫ് ഒരുക്കിയ ഈ ക്രൈം ത്രില്ലർ മലയാള സിനിമയുടെ ജാതകം തിരുത്തിക്കുറിച്ചിരിക്കുന്നു എന്നുതന്നെ പറയാം. മോഹൻലാൽ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതിനൊപ്പം മികച്ച സിനിമാ അനുഭവവും പ്രേക്ഷകന് സമ്മാനിക്കുകയാണ് സംവിധായകൻ.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ദൃശ്യം- 2 ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളും കഥയ്ക്ക് ആവശ്യമായതുമാത്രമാക്കി സംവിധായകൻ ചുരുക്കുകയായിരുന്നു. മുരളി ഗോപി, സായി കുമാർ, ഗണേശ് കുമാർ, അഞ്ജലി നായർ, ജോയി മാത്യൂ തുടങ്ങിയവർക്കൊപ്പം ടെലിവിഷൻ താരങ്ങളായ അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാൽ സിനിമയിൽ അവിഭാജ്യങ്ങളായ വെറെയും ചില കഥാപാത്രങ്ങളുമുണ്ട്.
സോഷ്യൽ മീഡിയയുടെ വാക്കുകൾ കടമെടുത്താൽ പരദൂഷണവീരന്മായി തകർത്തഭിനയിച്ച 'ഡ്രൈവർചേട്ടന്മാർ'. എന്നാൽ അതിലൊരാൾ മോഹൻലാലിന് ഏറെ പ്രിയപ്പെട്ട തന്റെ പേഴ്സണൽ മേക്കപ്പ്മാൻ ലിജു കുമാർ ആണ്. അഭിനയമോഹമൊന്നും മനസിൽ ഉണ്ടായിരുന്നില്ലെങ്കിലും, ദൃശ്യം- 2 പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ അവസരം ചോദിച്ചുവാങ്ങുകയായിരുന്നു ലിജു. ലാൽ സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹവും സമ്മതിച്ചതോടെ ലിജു ഹാപ്പി.
ക്വാറന്റൈൻ കേന്ദ്രത്തിൽ എന്നപോലെയായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് ലിജു പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായും പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തിയത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പുറത്തുപോകാൻ ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. ഹോട്ടലിലേക്ക് പുറത്തുനിന്നും ആർക്കും പ്രവേശനവുമുണ്ടായില്ല.
പതിമൂന്ന് വർഷത്തിലധികമായി ലിജു കുമാർ മോഹൻലാലിനൊപ്പമുണ്ട്. ചമയംതൊട്ട് ഒരുക്കുന്നയാൾ എന്നതിലുപരി മോഹൻലാൽ ലിജുവിന് തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്. ഛോട്ടാമുംബൈ എന്ന സിനിമ മുതലാണ് ഞാൻ സാറിനൊപ്പം വർക്ക് ചെയ്യാൻ തുടങ്ങിയത്. മോഹൻലാൽ എന്ന വ്യക്തി ഇന്ന് എനിക്ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരെയും പോസിറ്റീവ് ആയിട്ട് മാത്രമേ ലാൽ സാർ കണ്ടിട്ടുള്ളൂ. തെറ്റുകൾ കണ്ടാൽ സമാധാനത്തോടെ അത് പറഞ്ഞ് തിരുത്തും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന് അതാണെന്നാണ് എന്റെ വിശ്വാസം.
പലപ്പോഴും ഒരു ദൈവികത ലാൽ സാറിൽ കണ്ടിട്ടുണ്ട്. ലാൽ സാർ തന്നിട്ടുള്ള സ്വാതന്ത്ര്യം മനസറിയാതെ പോലും മിസ് യൂസ് ചെയ്യപ്പെടരുതേ എന്നാണ് കൂടെയുള്ള ഞങ്ങൾ ഒരോരുത്തരുടെയും പ്രാർത്ഥന. എല്ലാവരെയും വീട്ടിലെ ഒരംഗത്തെ പോലെയെ സാർ എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ.
കൂടെ യാത്ര ചെയ്യുന്നവരുടെ ഓരാ ആവശ്യവും കണ്ടറിഞ്ഞ് നിറവേറ്റിത്തരുന്ന വലിയ മനസ് ലാൽ സാറിനുണ്ട്. ഇത്രയും തിരക്കുള്ള ഒരാൾ നമ്മുടെ വീട്ടിലെ കാര്യങ്ങളിൽ കൂടി ശ്രദ്ധചെലുത്തുമ്പോൾ കിട്ടുന്ന സന്തോഷവും അതിലുപരിയായുള്ള സുരക്ഷിതത്ത്വ ബോധവുമെല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ലിജു പറയുന്നു.