മധുരൈ: തമിഴ്നാട്ടിലെ മധുരയിൽ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മുത്തശ്ശി അറസ്റ്റിൽ. ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ മകളെയാണ് ചിന്നസ്വാമിയുടെ അമ്മ നാഗമ്മാൾ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നാഗമ്മാളിന്റെ മൊഴി.
ഫെബ്രുവരി പത്തിനാണ് കുഞ്ഞ് പിറന്നത്. ഇവരുടെ മൂന്നാമത്തെ പെൺകുഞ്ഞായിരുന്നു ഇത്. ഫെബ്രുവരി 17ന് കുഞ്ഞിനെ അവശയായ നിലയിൽ ഉസിലാംപെട്ടിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, മുഖത്ത് ചില പാടുകൾ കണ്ടതും സംശയത്തിനിടയാക്കി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. മൂന്നാമതും പെൺകുഞ്ഞായതിനാൽ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ താൻ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മുത്തശ്ശി നാഗമ്മാൾ പൊലീസിനോട് സമ്മതിച്ചു.
മധുരയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നേരത്തെയും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പെൺകുഞ്ഞുങ്ങളെ എരിക്കിൻ പാല് നൽകി കൊലപ്പെടുത്തിയ ഒട്ടേറെ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.