തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ സമരപ്പന്തിലെത്തും. അതേസമയം സമരക്കാരെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടെക്കും. സമരം സമാധാനപരമാകണമെന്ന സർക്കാർ നിർദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഉദ്യോഗാർത്ഥികൾ നിലപാടിൽ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിർദ്ദേശങ്ങളാണ് എൽ.ജി.എസ് റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചത്.
വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ അതത് വകുപ്പുകളോട് നിർദ്ദേശിക്കാമെന്നും, ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എൽ.ജി.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാൻ എന്നീ തസ്തികകളുടെ നിയമന കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.