കാസർകോട്: കൊവിഡ് വ്യാപനം തടയുന്നതിൽ കേരള സർക്കാർ പരാജയമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് കേരള മുഖ്യമന്ത്രി ഉത്തർപ്രദേശിനെ പരിഹസിച്ചു, ഇന്ന് ലോകം കേരളത്തെ പരിഹസിക്കുകയാണ്. ലൗ ജിഹാദ് തടയാൻ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും യോഗി ആരോപിച്ചു. കാസർകോട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിർമാണമോ നടത്തിയില്ല. എന്നാൽ ഉത്തർപ്രദേശിൽ ശക്തമായ നിയമം നടപ്പാക്കി. ലൗ ജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ല. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാർട്ടിയുടെ ആവശ്യമുണ്ട്. ബി.ജെ.പി കേവലം സമൃദ്ധി മാത്രമല്ല ഓരോ പൗരനും സുരക്ഷിതത്വം സംബന്ധിച്ച ഗ്യാരണ്ടിയും ഉറപ്പുനൽകുന്നുവെന്നും യോഗി പറഞ്ഞു.
കേരളത്തിന്റെ ഉളളിൽ ഇവിടുത്തെ ഇപ്പോഴത്തെ സർക്കാർ ജനങ്ങളുടെ വികാരങ്ങൾ വച്ച് കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ സി.പി.എമ്മിന്റെ സർക്കാരാണെങ്കിലും കോൺഗ്രസിന്റെ സർക്കാർ ആണെങ്കിലും നടക്കുന്നത് അഴിമതിയാണ്. തങ്ങളുടെ രാഷ്ട്രീയ സ്വാർത്ഥതകൾക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവർ ശ്രമിച്ചിട്ടുളളതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.