തിരുവനന്തപുരം: നിയമസംവിധാനങ്ങളും ബോധവത്കരണവും ശക്തിപ്പെട്ടിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് കുറവില്ല. 2020ൽ മാത്രം രജിസ്റ്റർ ചെയ്തത് 3019 പോക്സോ കേസുകളാണ്.
അഞ്ച് വർഷത്തിനിടെ 18,858 കുട്ടികൾ അതിക്രമങ്ങൾക്ക് ഇരയായി. കൂടുതലും കുടുംബങ്ങളിൽ തന്നെയാണെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. 80 ശതമാനത്തിലധികം കേസുകളിലും ബന്ധുക്കളാണ് പ്രതികൾ. ഇതിൽ ഭൂരിപക്ഷവും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസാകാറില്ല. പൊലീസിൽ പരാതി എത്തിയാലും നാണക്കേട് ഭയന്ന് വീട്ടുകാർ തന്നെ പിൻവലിക്കും.
കുട്ടികളെ കൊലപ്പെടുത്തിയ സംഭവങ്ങളും 2020ൽ വർദ്ധിച്ചു. നവജാത ശിശുക്കളടക്കം 28 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. 2019, 2018, 2017 വർഷങ്ങളിൽ ഇത് യഥാക്രമം 20, 28, 27 ആയിരുന്നു. 2020ൽ 1143 കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. 2019ൽ 1313ഉം, 2018ൽ 1137ഉം, 2017ൽ 1045ഉം കുട്ടികളാണ് പീഡനത്തിന് ഇരയായത്.
പോക്സോ കേസുകളും കാര്യമായി കുറഞ്ഞിട്ടില്ല. 2020ൽ മലപ്പുറത്തായിരുന്നു കൂടുതൽ കേസുകൾ -- 379. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത് - 351.കൊല്ലത്ത് 250, പാലക്കാട് 257 കേസുകളും. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് -108.
2019ൽ സംസ്ഥാനത്ത് 3609 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. 2018ൽ 3180, 2017ൽ 2697 കേസുകളും.
സ്കൂളുകളിലടക്കം ബോധവൽകരണ പരിപാടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ
2016 - 2881
2017 - 3543
2018 - 4253
2019 - 4553
2020 - 3628 (പൂർണമല്ല)