തിരുവനന്തപുരം: പത്ത് വർഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി കിട്ടുമോയെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്ന് പി എസ് സി ഉദ്യോഗാർത്ഥി ലയാ രാജേഷിനോട് ചോദിച്ചെന്ന് സമ്മതിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ. 583ആം റാങ്കുകാരിക്ക് എങ്ങനെയാണ് ജോലി കിട്ടുകയെന്നും അതിനുളള സാദ്ധ്യതയുണ്ടോയെന്നും ചോദിച്ചിരുന്നു. നല്ലത് മാത്രം ചെയ്ത സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ടല്ലേ നിങ്ങൾ മാറിയിട്ടുളളതെന്നും താൻ ചോദിച്ചതായി കടകംപളളി വ്യക്തമാക്കി.
ഇവരാരും സംഘടന നേതാക്കളെന്ന് കരുതിയല്ല താൻ സംസാരിച്ചത്. താൻ പറഞ്ഞ കാര്യങ്ങൾ കേട്ടുവെന്നല്ലാതെ ഉദ്യോഗാർത്ഥികൾ ഒന്നും പ്രതികരിച്ചില്ല. പിന്നീടാണ് ചിലർക്ക് സങ്കടമുണ്ടായെന്ന് കേട്ടത്. നിശ്ചയമായിട്ടും സങ്കടമുണ്ടാകും. കുറ്റബോധത്തിൽ നിന്ന് ഉണ്ടായ സങ്കടമാണത്. ഒരാളെ പോലും എടുക്കാതെ ലാപ്സായി പോയ റാങ്ക് പട്ടിക പി എസ് സിക്ക് ഉണ്ടായിട്ടുളള കാര്യം ഉദ്യോഗാർത്ഥികളെ ഓർമ്മിപ്പിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റേയും യുവമോർച്ചയുടെ കളിപ്പാവകളായി നിൽക്കുന്നുവെന്ന ബോദ്ധ്യം തന്റെ വർത്തമാനത്തിൽ നിന്ന് അവർക്ക് ബോദ്ധ്യമായിട്ടുണ്ടാകും. അല്ലാതെ അവരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. തന്നോട് ചോദിച്ചിട്ടോ അനുവാദം വാങ്ങിയിട്ടോ അല്ല അവർ വന്നു കണ്ടത്. അവർ ഒന്നും സംസാരിച്ചതുമില്ല. ആരോടും താൻ മോശമായി പെരുമാറാറില്ല. അഞ്ചരയാകുമ്പോൾ വീടിന്റെ ഗേയ്റ്റ് തുറന്നിടും. നാടിന്റെ പല ഭാഗത്ത് നിന്നുളളവരുടെ വിഷമം കേട്ട് തനിക്ക് കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.