കോഴിക്കോട്: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമലയും സ്വർണക്കടത്തും ഉൾപ്പടെയുളളവ ബി ജെ പി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക ശക്തിയാകും ബി ജെ പി. പാർട്ടിയുടെ പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കേരളത്തിൽ രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി കാര്യക്ഷമതയുടെയും സുതാര്യതയുടെയും മുഖമുദ്രയായി മാറുന്ന ഭരണമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും മുരളീധരൻ പറഞ്ഞു.
ബി ജെ പിയുടെ എല്ലാ നേതാക്കളും ദേശീയതയുടെ രാഷ്ട്രീയം ഉയർത്തുന്നവരാണ്. ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല. ഈ നാട്ടിലെ സാധാരണ പൗരന്റെ വികാരം ഉൾക്കൊളളുന്നവരാണ് ബി ജെ പി നേതാക്കളെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.