തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങി സി പി എം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരം തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ടാണ് സി പി എം തീരുമാനം. ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങൾ നടത്താനാണ് തീരുമാനം. മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പി എസ് സി വഴി ജോലി ലഭിച്ചവർക്ക് സ്വീകരണമൊരുക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.
എൽ ഡി എഫ് സർക്കാർ വന്ന ശേഷം 1,57,909 നിയമന ശുപാർശകൾ പി എസ് സി നൽകിയതായാണ് സർക്കാരിന്റേയും പാർട്ടിയുടേയും അവകാശവാദം. 27,000 സ്ഥിരം തസ്തികകൾ ഉൾപ്പടെ 44,000 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തേക്കാൾ കൂടുതൽ നിയമനങ്ങളും നിയമന ശുപാർശകളും നടത്തിയതായും നേതാക്കൾ പറയുന്നു.
സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുളള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ഈ കാര്യങ്ങൾ മറച്ചുവച്ച് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളളതാണെന്നും പാർട്ടി വിലയിരുത്തുന്നു. ഈ സർക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കണക്കുകൾ ജനങ്ങളോട് വിശദീകരിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അനിശ്ചിതമായി നീട്ടിയാൽ ജോലി കാത്തിരിക്കുന്നവരെ അതു ബാധിക്കുമെന്ന് യുവാക്കളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടക്കാത്തതിന്റെ കണക്കുകളും യോഗത്തിൽ വിശദീകരിക്കും. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനുളള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മറ്റു ജില്ലകളിൽ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുക്കും. നിയമനങ്ങൾ സർക്കാർ കൃത്യമായി നടത്തിയെങ്കിലും സമരം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നു പാർട്ടി നേതൃത്വം പറയുന്നു.