SignIn
Kerala Kaumudi Online
Sunday, 28 February 2021 9.45 PM IST

വികസന രാഷ്‌ട്രീയത്തിന്റെ 'കാണാക്കടൽ'

vivadavela

"തെക്ക് തെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഭർത്താവില്ലാ നേരത്ത്, ഫ്ലോറിയെന്നൊരു ഗർഭിണിയെ, വെടിവച്ചുകൊന്ന സർക്കാരേ, പകരം ഞങ്ങൾ ചോദിക്കും..."- വിമോചനസമരകാലത്തെ പൊള്ളിച്ച മുദ്രാവാക്യങ്ങളിൽ ഒരുപക്ഷേ ഏറ്റവും ശക്തമായത്.

തിരുവനന്തപുരത്തിനടുത്ത് ചെറിയതുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലാണ് 1958 ജൂലായിൽ പൊലീസ് വെടിയ്‌പുണ്ടായത്. അഞ്ച് കുട്ടികളുടെ മാതാവും ഗർഭിണിയുമായ ഫ്ലോറി, ആന്റണി സിൽവ, ലാസർ, എന്നിവർ മരിച്ചുവീണു. വെടിയേറ്റു വീണ ഫ്ലോറിയുടെ ചിത്രം വിമോചനസമരത്തിന്റെ തീക്ഷ്ണമായ ചിഹ്നമായി.

അതിന് മുമ്പും തിരുവനന്തപുരത്തിന്റെ കടൽത്തീരങ്ങളിൽ വെടിവയ്പുകളുണ്ടായിട്ടുണ്ട്. വേളി മാധവപുരം സ്കൂളിലുണ്ടായ പിക്കറ്റിംഗിനെ തുടർന്ന് ലത്തീൻ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള മത്സ്യത്തൊഴിലാളി മേഖലയായ വെട്ടുകാട് പൊലീസ് വെടിയുതിർത്തു. നെയ്യാറ്റിൻകര താലൂക്കിൽ ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ പാർക്കുന്ന പുല്ലുവിളയിലുമുണ്ടായി സമരക്കാരുടെ പിക്കറ്റിംഗും സംഘർഷവും. പൊലീസ് സമരക്കാരുടെ നേർക്ക് നിറയൊഴിച്ചു. മൈക്കൽ യാക്കോബ് എന്ന 64കാരനും യാജപ്പൻ എന്ന 46കാരനും രക്തസാക്ഷികളായി. പേമാരിയും കടൽക്ഷോഭവും കാരണം പട്ടിണിയിലമർന്ന കടലോരഗ്രാമങ്ങളിൽ പുതിയ മുദ്രാവാക്യം നുരഞ്ഞുപൊന്തി: "ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക്, നിങ്ങടെ കൊടിയുടെ നിറമെങ്കിൽ, ആ ചെങ്കൊടിയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും!"

ക്ഷോഭിക്കുന്ന കടലിന്റെ സ്വഭാവം തീരമേഖലയ്ക്കുമുണ്ട്.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാറും കോളും നിറഞ്ഞിരിക്കുകയാണ്. 590 കിലോമീറ്റർ വരുന്ന കേരളതീരം ഒമ്പത് ജില്ലകളിലായി വ്യാപിച്ചു കിടപ്പാണ്. പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും പാലക്കാടും വയനാടും ഒഴികെയെല്ലാം തീരജില്ലകൾ. അമ്പതോളം നിയോജകമണ്ഡലങ്ങളുള്ള ഇവ ഒരു തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാൻ പര്യാപ്തമാണെന്ന് ചുരുക്കം.

മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിൽ ഭീതിയുണർത്താൻ പര്യാപ്തമായ ചാകരക്കോൾ പ്രതിപക്ഷം കൊയ്തെടുത്തിരിക്കുന്നു. നമ്മുടെ ആഴക്കടൽ മേഖല വിദേശകമ്പനിക്ക് തീറെഴുതാൻ കോപ്പുകൂട്ടുന്നുവെന്ന ആരോപണം നിസാരമല്ല.

ആഴക്കടൽ മത്സ്യബന്ധനവും ധാരണാപത്രവും

ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള നാനൂറ് ട്രോളറുകളും മദർ ഷിപ്പുകളും നിർമ്മിക്കുന്നതിനും ഹാർബറുകളുടെയും പോർട്ടുകളുടെയും മറ്റും സൗകര്യങ്ങളുയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള 2950 കോടി രൂപയുടെ പദ്ധതിക്കുള്ള ധാരണാപത്രമാണ് ഇ.എം.സി.സി എന്ന, അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഒപ്പുവച്ചതെന്നാണ് പുറത്തുവന്ന വിവരം. സർക്കാർ നയമനുസരിച്ച്, അനുമതിയോടെയുള്ള പദ്ധതിയെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനുള്ള ചർച്ചകൾ 2019 മുതലാരംഭിച്ചെന്ന് വെളിപ്പെടുത്തിയത് സ്വകാര്യകമ്പനിയുടെ പ്രസിഡന്റ് ഷിജു വർഗീസ് തന്നെയാണ്. മത്സ്യബന്ധനവകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ ന്യൂയോർക്ക് സന്ദർശനവേളയിൽ ചർച്ച നടത്തിയെന്നും പിന്നീട് സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ചകൾ തുടർന്നെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിരത്തിയ കുറ്റപത്രത്തിലുമുണ്ട്. മന്ത്രിക്കൊപ്പം കമ്പനി പ്രതിനിധികൾ ഇരിക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടപ്പോൾ, അവർ വന്നുകണ്ടെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ ന്യൂയോർക്ക് ചർച്ച മന്ത്രി ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. രമേശ് ചെന്നിത്തലയുടെ അടുത്ത വെടി മുഖ്യമന്ത്രി പിണറായി വിജയന് നേർക്കായിരുന്നു. 'ക്ലിഫ്ഹൗസിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കമ്പനിക്കാർ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന്.'

ഉണ്ടയില്ലാ വെടിയുടെ

നാനാർത്ഥങ്ങൾ

പ്രതിപക്ഷനേതാവിനെ തുടക്കത്തിലേ കടന്നാക്രമിക്കുകയായിരുന്നു മന്ത്രി മേഴ്സിക്കുട്ടി അമ്മ. അദ്ദേഹം ഉണ്ടയില്ലാവെടി ഉതിർക്കുകയാണെന്ന് കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് തന്നെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ല ആഴക്കടൽ മത്സ്യബന്ധനം. ഭരണഘടനയുടെ 246ാം അനുച്ഛേദമനുസരിച്ച് സംസ്ഥാനത്തിന്റെ മത്സ്യബന്ധനത്തിനുള്ള പൂർണ അധികാരപരിധി തീരക്കടലിൽ 12 നോട്ടിക്കൽമൈൽ വരെ (22 കിലോമീറ്റർ) മാത്രമാണ്. അതിനപ്പുറത്തേക്ക് 200 നോട്ടിക്കൽ മൈൽ വരെ (365 കിലോമീറ്റർ) മത്സ്യബന്ധനത്തിന് അനുവാദം നൽകേണ്ടത് കേന്ദ്രസർക്കാരാണ്.

ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് പഠിച്ച മീനാകുമാരി കമ്മിഷൻ റിപ്പോർട്ടിൽ സംയുക്ത സംരംഭമായി 720 വിദേശ വെസലുകൾക്ക് രാജ്യത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന 200നോട്ടിക്കൽ മൈൽ കടലിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് ലെറ്റർ ഒഫ് പെർമിറ്റ് നൽകണമെന്ന് നിർദ്ദേശിച്ചിരുന്നതാണ്. തീരദേശ സംസ്ഥാനങ്ങൾ നഖശിഖാന്തമാണ് ഇതിനെയെതിർത്ത് തോല്പിച്ചത്. മുൻപന്തിയിൽ കേരളമായിരുന്നു. അവിടേക്ക് പിൻവാതിലിലൂടെ വിദേശ വെസലുകൾക്ക് കയറിപ്പറ്റാനുള്ള ചതിക്കുഴികൾ അറിഞ്ഞോ അറിയാതെയോ തുറന്നുകൊടുത്തതാര് എന്ന ചോദ്യമിപ്പോഴുമുയരുന്നു. 22 കിലോമീറ്ററിനപ്പുറത്തേക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് പെർമിറ്റ് രജിസ്ട്രേഷൻ സംസ്ഥാനത്തിന് അനുവദിക്കാമെന്ന വാദമുയർത്തുന്നു മന്ത്രി മേഴ്സിക്കുട്ടി അമ്മ . ഇപ്പോഴത്തെ ധാരണാപത്ര വിവാദം, സംസ്ഥാനത്തിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെയാണിതും. മന്ത്രി തെറ്റിദ്ധാരണയാൽ പറയുന്നതെന്ന നിഷ്കളങ്കവാദം മുഖവിലയ്ക്കെടുത്താൽപ്പോലും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതാരാന്ന ചോദ്യം പ്രസക്തമാവുന്നു. യഥാർത്ഥത്തിൽ പ്രതിപക്ഷനേതാവിനെ കുറ്റപ്പെടുത്തുന്ന മന്ത്രിയും പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയാണോ!

ചില നഗ്നയാഥാർത്ഥ്യങ്ങൾ

കേരളത്തിൽ നിന്ന് ഇപ്പോൾത്തന്നെ പരമ്പരാഗതമായി പോകുന്ന മത്സ്യബന്ധന യാനങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്. തീരക്കടലിലും അനുബന്ധ പ്രദേശങ്ങളിലും 32 മുതൽ 49 അടി വരെയുള്ള യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ 4900 എണ്ണം മതിയെന്നാണ് സംസ്ഥാനസർക്കാരിന്റെ വിദഗ്ദ്ധസമിതികൾ നിർദ്ദേശിച്ചത്. എന്നാലിപ്പോൾ നാല്പതിനായിരത്തോളം ബോട്ടുകൾ കേരള തീരക്കടലിലടക്കം കറങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാത്തവയാണ് പകുതിയിലേറെയും. മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ സർട്ടിഫിക്കറ്റുള്ളവയും കൂട്ടത്തിലുണ്ട്. ഗുജറാത്ത് തീരം ഏതാണ്ട് വൻകിട യാനങ്ങൾ തുരന്നെടുത്ത് കഴിഞ്ഞു. മത്സ്യസമ്പത്ത് അവശേഷിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴക്കടൽ പ്രദേശത്ത് മാത്രമാണ്. അവിടെയാകട്ടെ, രാജ്യത്തിന്റെ അധികാര പരിധിയിലേക്കടക്കം അമേരിക്കയുടെയും ചൈനയുടെയും തായ്‌വാന്റെയും കൊറിയയുടെയും വൻകിട വെസലുകൾ മൂളിപ്പറന്ന് മത്സ്യസമ്പത്ത് കോരിക്കൊണ്ടുപോകുന്ന ആശങ്കാജനകമായ സാഹചര്യമാണെന്ന് മത്സ്യമേഖലാവിദഗ്ദ്ധനും ഫിഷറീസ് മുൻ അഡിഷണൽ ഡയറക്ടറുമായ ഡി. സഞ്ജീവ് ഘോഷ് പറയുന്നു. അമേരിക്കയും മറ്റും തനത് സാമ്പത്തികമേഖല തന്നെ 400 നോട്ടിക്കൽ മൈലായി ഉയർത്തി നേടിയിട്ടുണ്ട്. എല്ലാവരുടെയും കണ്ണ് വൈവിദ്ധ്യകലവറയായ ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണ്. നമുക്കാകട്ടെ 200 നോട്ടിക്കൽമൈലെന്ന തനത് സാമ്പത്തികമേഖലയിലെ (ഇ.ഇ.ഇസെഡ്) മത്സ്യസമ്പത്തിന്റെ പകുതി പോലും പിടിച്ചെടുക്കാനായിട്ടില്ല. ഇന്ത്യൻതീരങ്ങളിൽ 16 ദശലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. 10ലക്ഷം തൊഴിലാളികൾ കേരളത്തിലും.

ആഗോളീകരണ, ഉദാരീകരണ സാമ്പത്തികനയങ്ങളുടെ ഭാഗമായി വൻതോതിലുള്ള വിദേശവത്കരണം നമ്മുടെ കടലിലും കൊണ്ടുവരാനുള്ള ഗൂഢനീക്കങ്ങൾ കാലങ്ങളായി നടക്കുന്നു. മീനാകുമാരി കമ്മിഷൻ അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. യു.പി.എ, എൻ.ഡി.എ വ്യത്യാസമില്ലാതെ ഇത്തരം നീക്കങ്ങൾ ഭരണകൂടങ്ങളിൽ നിന്ന് സംഭവിച്ചുകൊണ്ടിരുന്നു.

ധാരണാപത്രവും കേന്ദ്ര ബഡ്ജറ്റും

സി.എം.എഫ്.ആർ.ഐ, ഐ.എസ്.ആർ.ഒ, ഇന്ത്യൻ എയർഫോഴ്സ്, മറൈൻ പ്രോഡക്ട് എക്സ്പർട്ട് ഡവലപ്മെന്റ് അതോറിറ്റി, സിഫ് നെറ്റ് എന്നിങ്ങനെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായും കേരളത്തിന്റെ മത്സ്യഫെഡുമായും സഹകരിച്ചുള്ള വിശാല പദ്ധതിയാണ് ഇ.എം.സി.സി പദ്ധതിയെന്ന, ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ വെബ്സൈറ്റിലെ അറിയിപ്പ് നിഷ്കളങ്കമായി തോന്നാം.

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച പുതിയ ബഡ്ജറ്റിലെ, കൊച്ചിൻ ഹാർബർ നവീകരിക്കുമെന്ന വാഗ്ദാനവും ഒറ്റനോട്ടത്തിൽ നിരുപദ്രവകരമായാണ് തോന്നുക. . വിവാദങ്ങളുടെ തിരമാലകൾക്കിടയിൽ ഈ ബഡ്ജറ്റ് പ്രഖ്യാപനത്തെയും ഇ.എം.സി.സിയുടെ പദ്ധതി രേഖയെയും ഡി. സഞ്ജീവ്ഘോഷിനെപ്പോലുള്ള വിദഗ്ദ്ധർ കൂട്ടിവായിക്കുന്നുണ്ട്.

കേരളത്തിന്റെ മുൻ ചീഫ്സെക്രട്ടറിയായിരുന്ന ടോം ജോസ് എന്ന മുതിർന്ന ഐ.എ.എസുകാരനാണ് ഇപ്പോൾ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ചെയർമാൻ. ടോം ജോസ് അത്ര നിഷ്കളങ്കമുഖമല്ല. മാനേജിംഗ് ഡയറക്ടർ യുവ ഐ.എ.എസുകാരനായ എൻ. പ്രശാന്താണ്. അദ്ദേഹം രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അല്പകാലം പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

പ്രശാന്തിന്റെ കാർമ്മികത്വത്തിൽ ധാരണാപത്രത്തിന്റെ പേരിൽ അട്ടിമറി നടന്നെന്ന് സംശയിക്കാൻ മന്ത്രി മേഴ്സിക്കുട്ടി അമ്മയെ പ്രേരിപ്പിച്ചത് ആ പൂർവകാലബന്ധമാണ്. മുഖ്യമന്ത്രി അത്തരമൊരു സന്ദേഹം വളരെ തന്ത്രപൂർവം ഉയർത്തിവിടുകയുണ്ടായി. എന്നാൽ അറിഞ്ഞോ അറിയാതെയോ സംസ്ഥാനസർക്കാർ ഇതിനെല്ലാം നിന്നുകൊടുത്തിട്ടില്ലേയെന്ന ചോദ്യത്തിന് ആരുത്തരം നൽകും?

മത്സ്യത്തൊഴിലാളി സംഘടനകളുടെ കോൺഫെഡറേഷനെ നയിക്കുന്നത് കോൺഗ്രസ് എം.പിയായ ടി.എൻ. പ്രതാപനാണ്. തീ​ര​ദേ​ശ​ത്ത് ​ഈ​ ​മാ​സം​ 27​ന് ​അ​വ​ർ​ ​ഹ​ർ​ത്താ​ലി​ന് ​ആ​ഹ്വാ​നം​ ​ചെ​യ്‌തിട്ടുണ്ട്. വിമോചനസമരകാലം തൊട്ട് വൈകാരികമായി പ്രതികരിക്കുന്ന കേരള തീരമേഖലയിൽ ഇതുണ്ടാക്കുന്ന ചലനമെന്താകും? വിവാദം കൂടുതൽ കൊട്ടിക്കയറും മുൻപേ ധാരണാപത്രത്തിൽ നിന്ന് പിന്മാറി തടിയൂരാൻ സർക്കാരിനെ പ്രേരിപ്പിച്ച ചേതോവികാരവും മറ്റൊന്നല്ല.

വികസന മുദ്രാവാക്യങ്ങളുടെ ശബ്ദഘോഷത്തിനിടയിൽ യഥാർത്ഥ വികസനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് ദുരന്തം.

  

- "ഇ. ശ്രീധരൻ മഹാനായ ടെക്നോക്രാറ്റും രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമാണ്, അദ്ദേഹത്തിന്റെ മോഹമനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ"- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മെട്രോമാൻ എന്ന ഇ. ശ്രീധരൻ സർവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. ഒരു പരിധിവരെ ഇപ്പോഴും. അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനം ചൂടുള്ള ചർച്ചയാവുന്നു. ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച അദ്ദേഹം നടത്തിയ ചില 'നിഷ്കളങ്കമായ' പ്രതികരണങ്ങളാണ് ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ബി.ജെ.പി ആവശ്യപ്പെട്ടാൽ കേരളത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും, പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാനും തയാർ എന്നദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ട് മുന്നണികളും പരസ്പരം പോരടിച്ച് വികസനത്തെ ഇല്ലാതാക്കി, വികസനത്തിനായി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണം എന്നീ അഭിപ്രായങ്ങളും അദ്ദേഹം കലർപ്പില്ലാതെ പങ്കുവച്ചു. അതിനദ്ദേഹം കാണുന്ന രാഷ്ട്രീയം ഹിന്ദുത്വത്തിന്റേതാണ്. ഊതിവീർപ്പിച്ച രാജ്യസ്നേഹവും തീവ്രവർഗീയതയും മറയാക്കപ്പെടുമ്പോൾ കോർപ്പറേറ്റുകൾ രാജ്യത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച ശ്രീധരനെപ്പോലൊരാൾക്ക് കാണാനാവാത്തതിൽ അദ്ദേഹത്തെ തെറ്റുപറയാനാവില്ല.

കർഷകന് എത്രമാത്രം ഗുണകരമായ നിയമമെന്ന് ബി.ജെ.പി തീർപ്പുകല്പിച്ചാലും അവനത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ, ചില അരുതായ്മകൾ അതിനകത്തില്ലേയെന്ന് ചിന്തിക്കാനുള്ള ശേഷിയും ശ്രീധരനുണ്ടാവില്ല. കാർഷികവില പരിശോധനാ സമിതി നിയമപ്രകാരം ആഗോളീകരണമെത്തും മുമ്പ് രാജ്യത്ത് നിലവിൽവന്ന മണ്ടി ഹൗസുകൾ, എത്രയൊക്കെ ക്ഷാമം നേരിടുന്ന കാലമായാലും കർഷകന് വിലസ്ഥിരത ഉറപ്പുവരുത്തുമായിരുന്നു. ഇടനില ചൂഷണം ഒഴിവാക്കുന്നെന്ന സോപ്പ് വാഗ്ദാനത്തിന് പിടികൊടുക്കാതെ കർഷകൻ മണ്ടികൾ മതിയെന്ന് പറയുന്നതിന് കാരണം മഹാരാഷ്ട്രയിലെ ബൻസാരയിലെ ഉരുളക്കിഴങ്ങ് കൃഷിയുടെയും മറ്റും അനുഭവപശ്ചാത്തലത്തിലാണ്.

ചില ബുദ്ധിശാലികൾ, പ്രത്യേകിച്ച് എൻജിനിയറിംഗ് ബുദ്ധികൾ ഒരു പ്രത്യേക യന്ത്രത്തിൽ ചുറ്റിക്കറങ്ങുകയേ ഉള്ളൂ എന്ന എൻ.എസ്. മാധവന്റെ നിരീക്ഷണം അർത്ഥവത്താകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അതിന് ഇ. ശ്രീധരനെ പഴിച്ചിട്ട് കാര്യമില്ല. വികസനത്തിന് അദ്ദേഹം കാണുന്നത് കേവലമായ കക്ഷിരാഷ്ട്രീയം, അതും ബി.ജെ.പിയുടേത് മാത്രമാകുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.