തൃശൂർ: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്താതെ തൃശൂർ പൂരം ഭംഗിയായി നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനം. പൂരം എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ ഇരുദേവസ്വങ്ങളും യോഗത്തിൽ സമ്മതമറിയിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം ഈ പ്രചാരണം തെറ്റാണെന്ന് പാറമേക്കാവ് -ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
പൂരത്തിന് അണി നിരത്താവുന്ന ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനം നാളെ ചേരുന്ന യോഗം കൈക്കൊള്ളും. സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താൻ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതർ കളക്ടർക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥർ പൂരപറമ്പ് സന്ദർശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.
പൂരത്തിന് മുമ്പുള്ള ദിനങ്ങളിലെ കൊവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ ഇളവുകൾ നിർദ്ദേശിക്കാനാകൂവെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു. കളക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന, ഡിസ്ട്രിക്ട് ഡവപ്മെന്റ് കമ്മിഷണർ അരുൺ കെ. വിജയൻ, സിറ്റി പൊലിസ് കമ്മിഷണർ ആർ. ആദിത്യ തുടങ്ങിയവർ പങ്കെടുത്തു.