വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല മുതൽ ഹാർബർ വരെയുള്ള തീരദേശത്തെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ആവിഷ്കരിച്ച ശുചിത്വ സാഗരം പദ്ധതിയിൽ 6 കേന്ദ്രങ്ങളിൽ നിന്നായി 8 ടൺ പ്ലാസ്റ്റിക് മാലിന്യം കടൽതീരത്ത് നിന്ന് നീക്കം ചെയ്തു.കടൽഭിത്തി പരിസരത്ത് നിന്ന് മാത്രം മൂന്ന് ലോഡ് ഒഴിഞ്ഞ മദ്യക്കുപ്പികളാണ് ശേഖരിച്ചത്. അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ലിത്വാനിയ സ്വദേശി യുഗ്ള, ഭർത്താവ് സൗത്ത് ആഫ്രിക്കൻ സ്വദേശി സുമൻ എന്നിവർ കടലോര ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കടൽതീരത്ത് നിന്ന് ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ സൗജന്യമായി സംസ്കരിക്കാൻ ഗ്രീൻ വേംസിന് കൈമാറും. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള ശ്രമദാന യജ്ഞത്തിൽ ഹരിത കർമ്മ സേന അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിഷ ആനന്ദ് സദനം, രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഒന്നാം വാർഡ് മെബർ മൈമൂഞ്ഞ, ചോമ്പാൽ എസ്.ഐ കെ.ഉമേഷ്, ഡോ.അസ്ഗർ, വിദേശ പ്രതിനിധികളായ യുഗ്ള, സുമൻ, ഗ്രീൻ വേംസ് പ്രതിനിധികളായ കെ.ശ്രീരാഗ്, കെ.നവാസ്, ഹരിത കർമ്മ സേന ലീഡർ എ. ഷിനി, എന്നിവർ സംസാരിച്ചു. വിവിധ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പി.കെ പ്രീത, പ്രമോദ് മാട്ടാണ്ടി, കവിത അനിൽകുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാൽ എസ്.ഐ മാരായ കെ.ഉമേഷ് ,എം.എം അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ പരിസരത്തെ വീടുകളിൽ കയറി ബോധവത്കരണം നടത്തി. തീരത്ത് സി.സി ടി വി സ്ഥാപിക്കാനും കടലിൽ മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനുള്ള ബൂത്ത് ഉടൻ സ്ഥാപിക്കും. നാട്ടുകാരുടെ സഹായത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനവും നടത്തും.