പന്തളം: വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി വെടിവച്ചു കൊന്നു. പന്തളം തെക്കേക്കര പാറക്കര അഞ്ചു ഭവനിൽ ഭഗവതി (60) ക്ക് ആണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പഞ്ചായത്ത് അംഗം സി.എസ്.ശ്രീകല വിവരം അറിയിച്ചതനുസരിച്ച് കോന്നിയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗാസ്ഥരാണ് പന്നിയെ വെടിവച്ചത്. കോന്നി ഡി.എഫ്.ഒ.ശ്യാം മോഹൻലാലിന്റെ നിർദ്ദേശപ്രകാരം റെഞ്ച് ഓഫീസർ സലിൻ ജോസ്, സെക്ഷൻ ഓഫീസർ ഡി.വിനോദ് ,ബീറ്റ് ഓഫീസർമാരായ വി.വിനോദ് ,സൂര്യ.ഡി.പിള്ള എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥർ പന്നിയെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ് ഭഗവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30 ന് കണ്ണാടി വയലിലെ കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പന്തളം തെക്കേക്കര പാറക്കരയിൽ ഉഷാ സദനത്തിൽ ഭാസ്കരന് (85) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റുരുന്നു. ഭാസ്കരനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.