തമ്പാൻ
തൈക്കടപ്പുറം (കാസർകോട് ):മകൻ ഡോക്ടർ ആകുന്നത് കൺകുളിർക്കെ കണ്ട സന്തോഷത്തോടെ ഇറങ്ങിയ പിതാവിന്റെ ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞത് നീലേശ്വരം തൈക്കടപ്പുറം പ്രിയദർശനി കോളനിയിലെ മുൻപ്രവാസി തമ്പാനാണ് ആകസ്മികമായുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
മംഗളുരു എ. ജെ മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ മകൻ ഷിബിന്റെ ബിരുദ ദാനച്ചടങ്ങായിരുന്നു ശനിയാഴ്ച. തമ്പാനും ഭാര്യ മിനിയും മകൾ മിമിതയും ഭർത്താവ് ചായ്യോത്തെ പൊതുമരാമത്ത് കരാറുകാരൻ ബിനീഷും ഇവരുടെ രണ്ടു മക്കളുമാണ് ഷിബിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ബിരുദദാന ചടങ്ങിന് ശേഷം കുടുംബം ബിനീഷിന്റെ കൂടെ ഒരു ദിവസം മംഗളൂരുവിൽ തന്നെ തങ്ങി.
മകനെ ഡോക്ടറാക്കുന്നതിന് തമ്പാൻ ഏറെ കഷ്ടപ്പെട്ടിരുന്നു. നാട്ടിലും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരൻ ആയിരുന്നു തമ്പാൻ. കുവൈത്തിൽ കരാറുകാരൻ ആയിരുന്ന തമ്പാൻ ഒന്നര വർഷമായി നാട്ടിലാണ്. നാട്ടിൽ പൊതുരംഗത്തും സജീവമായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം നീലേശ്വരം എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണുള്ളത്. ഗൾഫിലുള്ള ബന്ധുക്കൾ എത്തിയതിനു ശേഷം നാളെ ഉച്ചക്ക് നാട്ടിലെ ക്ലബിലും പ്രിയദർശിനി കോളനിയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്ക്കാര ചടങ്ങുകൾ നടത്തും.
പ്രമുഖ കരാറുകാരനും എസ് .എൻ .ഡി .പി യോഗം ഡയറക്ടറുമായ സി.നാരായണന്റെ മകനാണ് തമ്പാന്റെ മരുമകനായ ബിനീഷ്.