സെക്രട്ടേറിയറ്റ് മന്ദിരവും വളപ്പും സുരക്ഷിത മേഖലയാണെന്നും ആരുടെയും ഒരുവിധ സമരവും അവിടെ അനുവദനീയമല്ലെന്നതും നിലവിലുള്ള അലിഖിത നിയമമാണ്. എങ്കിലും അതിന് അപൂർവമായി ഭംഗമുണ്ടാകാറുണ്ട്. അതിനൊരു ദൃഷ്ടാന്തമാണ് പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത ഉദ്യോഗാർത്ഥികൾ 18-ാം തീയതി സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നുകയറാൻ നടത്തിയ സംഘർഷഭരിതമായ ശ്രമം.
സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ പ്രതിഷേധസമരം നടക്കുന്നത് നാടാടെയല്ല. അങ്ങനെയൊരു സമരം ആദ്യമായി നടന്നത് ഏതാണ്ട് ആറരപ്പതിറ്റാണ്ടിനു മുമ്പാണ്. 1955 - 56ൽ തിരു - കൊച്ചി സംസ്ഥാനത്ത് പനമ്പിള്ളി മന്ത്രിസഭ അധികാരത്തിലിരുന്ന കാലം. ''കൊല്ലം - ചവറ സംഭവം" എന്ന പേരിലറിയപ്പെടുന്ന ചവറയിലെ കരിമണൽ തൊഴിലാളികളുടെ സമരത്തോടനുബന്ധിച്ച് ആർ.എസ്.പി നേതൃത്വത്തിലുള്ള യു.ടി.യു.സി തൊഴിലാളികൾ സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നുകയറി പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. ആ സമരം നയിക്കുന്നതിന് ആർ.എസ്.പി നേതൃത്വം ചുമതലപ്പെടുത്തിയത് കെ. പങ്കജാക്ഷനെയായിരുന്നു. എന്തിനും പോന്ന മുന്നൂറ് തൊഴിലാളികളുമായി നടത്തിയ ആ സമരം ആസൂത്രിതമായിരുന്നു. അത്രയും തൊഴിലാളികളെ ഗ്രൂപ്പുകളായി തിരിച്ച് മൂന്നിടത്ത് വിന്യസിച്ചു. ആ തൊഴിലാളികൾ അവിടങ്ങളിൽ നിന്ന് പങ്കജാക്ഷന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരേസമയം സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിലേക്ക് ഇരച്ചുകയറി. അവിടെ സമരസഖാക്കളെ നേരിടാൻ സജ്ജരായി നിന്നിരുന്ന പൊലീസിന്റെ നാലുവരിനിരയെ ഭേദിച്ചുകൊണ്ട് തൊഴിലാളികൾ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടന്നുകയറി നിയമസഭാ മന്ദിരത്തിന്റെ (അന്ന് നിയമസഭ സെക്രട്ടേറിയറ്റ് മന്ദിരത്തോടനുബന്ധിച്ചായിരുന്നു) മുമ്പിലേക്ക് പാഞ്ഞെത്തി. സമരസഖാക്കളുടെ ആവേശത്തോടുകൂടിയ ആഞ്ഞുള്ള തള്ളലിൽ പൊലീസുകാർ തുരുതുരെ നിലത്ത് വീണു. പിടഞ്ഞെണീറ്റ അവർ സമരക്കാരെ പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചു. പങ്കജാക്ഷനെയും ചില സമരസഖാക്കളെയും നിയമസഭാ മന്ദിരത്തിന്റെ മുമ്പിലിട്ട് പൊലീസ് ലാത്തികൊണ്ട് അടിച്ചും ബൂട്ട്സിട്ട് ചവിട്ടിയും ആവശരാക്കി. ലാത്തിയടിയേറ്റ് സമരസഖാക്കളുടെ ദേഹത്തുനിന്നും രക്തം ചിതറിവീണു. പൊലീസിന്റെ ബൂട്ട്സിട്ടുള്ള ചവിട്ടായിരുന്നു പങ്കജാക്ഷന് കൂടുതലുമേറ്റത്. അവശനായ അദ്ദേഹത്തെ പൊലീസുകാർ കൈക്കും കാലിനും പിടിച്ച് തൂക്കിയെടുത്ത് തൊട്ടടുത്തുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആ അവസരത്തിൽ നിയമസഭാ സമ്മേളനം നടക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചു. സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന ബേബിജോൺ, ടി.വി. തോമസ്, കെ. ബാലകൃഷ്ണൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ ചെന്നാണ് പങ്കജാക്ഷനെ മോചിപ്പിച്ചത്. നിയമസഭാ മന്ദിരത്തിനു മുമ്പിൽ, അതിനകത്ത് ജനപ്രതിനിധികൾ സമ്മേളിച്ചുകൊണ്ടിരിക്കെ തൊഴിലാളികൾ പിക്കറ്റിംഗ് നടത്തിയത് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
തൊഴിലാളികളുടെ മാത്രമല്ല, സർക്കാർ ജീവനക്കാരുടെ ഒരു പ്രതിഷേധ സമരത്തിനും സംസ്ഥാന ഭരണസിരാകേന്ദ്രത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. 1983 ഫെബ്രുവരി ഒന്നിനായിരുന്നു ആ സംഭവം. കരുണാകരൻ മന്ത്രിസഭയുടെ കാലമായിരുന്നു . അന്ന് സർക്കാരിനുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം തരണം ചെയ്യാൻ വേണ്ടി സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പത്തുദിവസത്തിന്റേതായി ചുരുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അതായിരുന്നു പ്രതിഷേധത്തിന് ഹേതു. ക്ഷുഭിതരായ സെക്രട്ടേറിയറ്റ് ജീവനക്കാർ കക്ഷിഭേദമന്യേ ഒന്നടങ്കം ഓഫീസ് ബഹിഷ്കരിച്ച് സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ പ്രകടനം നടത്തി. ഫലമോ പൊലീസിന്റെ ലാത്തിപ്രഹരമായിരുന്നു. സർക്കാർ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലെ ആദ്യത്തെ സമരം എന്ന 'ഖ്യാതി" ഈ പ്രതിഷേധ സമരത്തിന് അവകാശപ്പെട്ടതാണ്.