ഭോപ്പാൽ:മദ്ധ്യപ്രദേശിൽ കോൺഗ്രസ് എം എൽ എ നിലയ് ഡാഗയുടെ കുടുംബത്തിന്റെ പേരിലുളള ബിസിനസ് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 450 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈമാസം 18 മുതൽ ബെതുൽ, സത്ന ജില്ലകളിലെ 22 സ്ഥലങ്ങളിലും മുംബയ് , കൊൽക്കത്ത എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇവിടങ്ങളിൽ നടന്ന റെയ്ഡിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. ഇതിൽ വിദേശ കറൻസികളും ഉൾപ്പെടുന്നു. റെയ്ഡിൽ ഒൻപത് ബാങ്ക് ലോക്കറുകളെക്കുറിച്ചുളള വിവരങ്ങളും ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കടലാസ് കമ്പനികളുടെ പേരിൽ കോടികൾ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 15 കോടിയുടെ ഹവാല പണമിടപാടിനെക്കുറിച്ച് നടത്തിയ ചാറ്റുകളുടെ വിശദാംശവും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലയ് ഡാഗയുടെയും കുടുംബത്തിന്റെയും ബിസിനസുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുളള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്.