കൊച്ചി: സംസ്ഥാനത്തെ ടോൾ ബൂത്തുകളിൽ ജീവനക്കാരുടെ ഗുണ്ടായിസം പതിവാകുന്നു. ടോൾ അടച്ചതിന്റെ രസീത് ചോദിച്ചതിന് കുമ്പളം ടോളിൽ യുവാവിനെ ജീവനക്കാർ തല്ലിപ്പരിക്കേൽപ്പിച്ചതായാണ് പരാതി. കാറിന്റെ ഗ്ളാസ് തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നും കാക്കനാട് സ്വദേശിയായ യുവാവ് പറയുന്നു.
പരാതിക്കാരനായ വിപിൻ വിജയകുമാർ രാവിലെ പതിനൊന്ന് മണിയോടെ ടോളിലൂടെ ആലപ്പുഴ ഭാഗത്തേക്കു കടന്നുപോകുമ്പോഴാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാൽ കിഴക്കു വശംചേർന്നുള്ള ഗേറ്റിലൂടെയാണ് കടന്നുപോയത്. ഈ സമയം കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ എടിഎം കാർഡാണ് നൽകിയത്. ആദ്യം കാർഡിൽ പിൻ അടിച്ചു കൊടുത്തപ്പോൾ രസീത് വന്നെങ്കിലും തന്നില്ല, പകരം ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും പിൻ നമ്പർ അടിപ്പിച്ചു. ഈ സമയം പ്രിന്റ് വന്നില്ല. രണ്ടു തവണ പിഴ സഹിതം പണം പിടിച്ചോ എന്ന സംശയം തോന്നിയതിനാലാണ് രസീത് ചോദിച്ചത്. ടോൾ അടച്ചതിന്റെ പാസും നൽകിയിരുന്നില്ല.
എടിഎം കാർഡ് തിരിച്ചുതന്ന് പണം കിട്ടിയിട്ടുണ്ട്, പൊയ്ക്കോളൂ എന്നു പറഞ്ഞതിനാലാണ് മുന്നോട്ടെടുത്തത്. ഈ സമയം ജീവനക്കാരൻ ക്രോസ്ബാർ താഴ്ത്തുകയും കാറിന്റെ ബോണറ്റിൽ ഇടിക്കുകയും ചെയ്തു. തിരിഞ്ഞുനോക്കിയപ്പോൾ സോറി ഭയ്യാ, എന്നു പറഞ്ഞ് പൊയ്ക്കോളാൻ ആവശ്യപ്പെട്ട് ക്രോസ് ബാർ ഉയർത്തി. വീണ്ടും മുന്നോട്ടെടുത്തപ്പോൾ കാറിന്റെ ഗ്ലാസിലേക്ക് ബാർ വന്നിടിച്ചു. ഇതുകണ്ട് നോക്കുമ്പോൾടോൾ ജീവനക്കാരൻ തന്നെ കളിയാക്കി ചിരിക്കുകയാണെന്ന് മനസിലായി. ഈസമയം ഗ്ലാസ് തുറന്ന് 'എന്ത്കോപ്പാണ് കാണിക്കുന്നതെ'ന്ന് മലയാളത്തിൽ ചോദിച്ചു. മറ്റൊരു അസഭ്യവാക്കും ഉപയോഗിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
പ്രകോപിതനായി പുറത്തേക്ക് ഇറങ്ങിവന്നടോൾ ജീവനക്കാരൻ കാറിന്റെ പിന്നിലെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. വീണ്ടും വന്ന് ഡ്രൈവർ സീറ്റിന്റെ പിന്നിലെ വിൻഡ് ഷീൽഡിലേക്ക് കയ്യിലിരുന്ന മെഷീൻ വച്ച് ഇടിച്ചു. അപ്പോഴാണ് വണ്ടി നിർത്തി പുറത്തിറങ്ങുന്നത്. ഇതോടെ സംസാരമുണ്ടായി ഉന്തും തള്ളുമുണ്ടായി. ഈ സമയം മറ്റു രണ്ടുപേർ കൂടി വന്ന് പിടിച്ചുവച്ചു. ഈ സമയം കാർ തകർത്ത ജീവനക്കാരൻ തന്റെ നെറ്റിക്കും പുറത്തും നെഞ്ചിലുമെല്ലാം കയ്യിലുണ്ടായിരുന്ന മെഷീൻ വച്ചും അല്ലാതെയും അടിച്ചു.
പൊലീസിൽ പരാതിപ്പെട്ടിട്ടുംകേസെടുക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്ന കുമ്പളം സ്റ്റേഷനിൽ നിന്നുവന്ന പൊലീസുകാർ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിപിൻ പറഞ്ഞു. ടോളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസുകാരുടേതെന്നാണ് ഇയാളുടെ ആരോപണം. സ്ഥലം സിഐ മാത്രമാണ് മാന്യമായി പെരുമാറുകയും കേസെടുക്കാൻ തയ്യാറായതെന്നും വിപിൻ കൂട്ടിച്ചേർത്തു.