റായ്പൂർ: മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നൽകിയ ഡ്രൈവറുടെ പണിപോയി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്ടറായ എ ഡബ്ല്യൂ 109 പവർ എലൈറ്റാണ് ഫോട്ടോഷൂട്ടിന് വിട്ടുകൊടുത്തത്. ഹെലികോപ്ടറിൽ ഇരിക്കുന്ന വരന്റെയും വധുവിന്റെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞതും അന്വേഷണം ആരംഭിച്ചതും. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവർ യോഗേശ്വർ സായിയെയാണ് അധികൃതർ സസ്പെൻഡുചെയ്തത്.
യേഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരൻ. പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ഹെലികോപ്ടർ കിട്ടിയാൽ നന്നായിരിക്കുമെന്ന് വരൻ യോഗേശ്വറിനെ അറിയിച്ചു. ആഗ്രഹം സാധിച്ചുനൽകാമെന്ന് ഉറപ്പുകൊടുത്ത യോഗേശ്വർ ഹെലികോപ്ടറിൽ ഫോട്ടോഷൂട്ട് നടത്താൻ അനുവദിക്കുകയായിരുന്നു. ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ ഉന്നതരുടെ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി അവരെ ഹെലികോപ്ടറിനുളളിലേക്ക് കൊണ്ടുപാേയതും യേഗേശ്വറായിരുന്നു.
സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തന്നെ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. യോഗേശ്വറാണ് എല്ലാത്തിനും പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമായതോടെയാണ് അയാൾക്കെതിരെ നടപടി എടുത്തത്. ഔദ്യോഗിക സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തിൽ പ്രവേശിപ്പിച്ചുവെന്നും സിവിൽ ഏവിയേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് കിട്ടിയാലുടൻ ശക്തമായ നടപടി എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.