കണ്ണൂർ: കേരളത്തിൽ അഴിമതികേസുകളുടെ ഒത്തുതീർപ്പു രാഷ്ട്രീയം തുടങ്ങുന്നത് എസ് എൻ സി ലാവ്ലിൻ കേസ് മുതലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലാവ്ലിൻ കേസിൽ കോൺഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-ഇടത് സഖ്യത്തിന്റെ ഒന്നാം യു പി എ സർക്കാർ ഇതിന്റെ ഉപകാരസ്മരണയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
യു ഡി എഫ് നേതാക്കൾക്കെതിരായ കേസുകൾ പിണറായി വിജയൻ അട്ടിമറിച്ചത് ഇതിന്റെ തുടർച്ചയായാണ്. എ.കെ ആന്റണിയും ടി കെ നായരുമാണ് പിണറായിക്ക് വേണ്ടി കേസ് അട്ടിമറിച്ചത്. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത തരത്തിലുളള അഴിമതി ഒത്തുതീർപ്പുകളാണ് നടക്കുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്നില്ല. ലാവ്ലിന് ശേഷമാണ് ഇങ്ങനെയൊരു സംസ്കാരം വന്നത്. പിണറായി സർക്കാർ തീവെട്ടിക്കൊളള നടത്തിയിട്ടും കോൺഗ്രസ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ട് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കൾ ജയിലിലാകുമ്പോൾ ഇവിടെ ഊഴം അനുസരിച്ച് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയുടെ അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ യു ഡി എഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും മുക്കി. കെ ബാബുവിനെതിരായ കേസിന്റെ അവസ്ഥ എന്താണ്? ബാബുവിന്റെ വീട്ടിൽ നിന്നും സ്വർണവും പണവും പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. വിജിലൻസ് അന്വേഷിക്കുന്ന കേസിൽ അഞ്ചുവർഷമായിട്ടും ഒരു പുരോഗതിയുമില്ല. പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് വിജിലൻസ് ശ്രമിക്കുന്നത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം യു ഡി എഫ് നേതാക്കൾക്കെതിരായ എല്ലാ കേസുകളും അട്ടിമറിച്ചു.
വികസനത്തെ കുറിച്ച് വലിയ പരസ്യമാണ് പിണറായി സർക്കാർ നൽകുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. കേന്ദ്രം ദേശീയപാത വികസനത്തിന് നൽകിയ 6,000 കോടി രൂപ സംസ്ഥാനം ഉപയോഗിച്ചില്ല. കേന്ദ്രം 6,5000 കോടി രൂപ അനുവദിച്ചത് ലഭിക്കാതെയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് പല കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഗുണം മലയാളികൾക്ക് ലഭിക്കുന്നില്ല. പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന കിറ്റിലെ ഭക്ഷാധാന്യം കൊടുക്കുന്നത് കേന്ദ്രസർക്കാരാണ്. നിങ്ങളും കടംവാങ്ങിയല്ലേ നിർമ്മാണം നടത്തിയതെന്ന് ഇ.ശ്രീധരനോട് തോമസ് ഐസക്ക് ചോദിച്ചത് പരിഹാസ്യമാണ്. കടം വാങ്ങുന്നതിനെയല്ല കൊള്ള പലിശയ്ക്ക് കടം വാങ്ങുന്നതിനെയാണ് ബി ജെ പി എതിർക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.