തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അമേരിക്കൻ കമ്പനിയായ ഇ എം സി സി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് മറുപടി നൽകിയിരുന്നെന്ന് മുരളീധരൻ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിന് ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരൻ പറഞ്ഞു.
കമ്പനിയെ കുറിച്ചുളള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് 2019 ഒക്ടോബർ മാസം 21ന് മറുപടി അയച്ചിരുന്നു. ഇ എം സി സിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.
വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വച്ച് ഇ എം സി സിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്ട്രേഷൻ മാത്രമുളള ഒരു കമ്പനിയാണെന്നാണ് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്. വിശ്വാസ്യതയുളള സ്ഥാപനമാണോ ഇ എം സി സിയെന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെ കുറിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുളളതെന്നാണ് മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്.
അതേസമയം, വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ എം സി സി ഡയറക്ടർ ഷിജു വർഗീസ് പ്രതികരിച്ചു. നിയമപരമായ എല്ലാ വിവരങ്ങളും സർക്കാരിന് നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന് ഉടൻ തന്നെ അഭിഭാഷകർ മുഖേന കത്തയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.