തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കുരുക്ക് അഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കി കൊടുത്തത് അറിയപ്പെടാത്ത ഒരു കരാർ ജീവനക്കാരി. പരവൂർ പൊഴിക്കര ഡി എസ് വിഹാറിൽ 38കാരിയായ അജു സൈഗളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ജീവനക്കാരി. റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെ കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യമാണ് അജു വിജയകരമായി പൂർത്തിയാക്കിയത്. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവർ ഇതിനോടകം അജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
50 ലക്ഷത്തിൽപ്പരം മുൻഗണനാ കാർഡ് ഉടമകൾ, 90 ലക്ഷത്തിൽപ്പരം കെട്ടിട ഉടമകൾ, 45 ലക്ഷത്തിൽപരം വാഹന ഉടമകൾ, ഇവരുടെ മേൽവിലാസങ്ങൾ ഒത്തുനോക്കിയാണ് അനർഹരെ കണ്ടുപിടിച്ചത്. അതിനുളള സോഫ്റ്റ് വെയർ അജുവാണ് ഉണ്ടാക്കിയത്. വിലകൂടിയ വാഹനങ്ങളുളള 36,670 പേരെയാണ് സോഫ്റ്റ്വെയർ വഴി കണ്ടെത്തിയത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീർണ വിവരങ്ങളും ഒത്തുനോക്കി. 1000 ചതുരശ്ര അടിക്കുമേൽ വീടുളള 19,359 പേരെയും 1,51,111പേരെയും കണ്ടെത്തി. ഇവരെല്ലാം അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റി വരികയായിരുന്നു.
കമ്പ്യൂട്ടർ എഞ്ചിനിയറിംഗും എം ബി എയും പാസായ അജു, ടാൻഡം, ടെക്നോ പാർക്ക്, എൻ ഇ സി തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് കോ -ഓർഡിനേറ്റർ ആയി ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ധനകാര്യവകുപ്പിന് കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ്.
ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എഞ്ചിനിയേഴ്സിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണീ യുവ പ്രതിഭയ്ക്ക് ഇപ്പോൾ. ഗോത്രജനതയ്ക്കുളള സേവനങ്ങൾ ഓൺലൈനിലാക്കുന്ന ദൗത്യത്തിനു പിന്നിലും അജുവിന്റെ കൈകളുണ്ടായിരുന്നു. ഇതിന്റെ പേരിൽ മന്ത്രി എ കെ ബാലൻ കഴിഞ്ഞദിവസം ഉപഹാരം നൽകി ആദരിച്ചിരുന്നു. എല്ലാ പൗരന്മാർക്കുമുളള സേവനങ്ങൾ ഓൺലൈനാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിപ്പോൾ അജു.
പരവൂർ സർവീസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സാബു കഴിഞ്ഞവർഷം മരിച്ചു. അച്ഛൻ: ഗൗതമ സൈഗൾ. അമ്മ: സുധർമ സൈഗൾ. മകൾ: ആദ്യസാബു.
അജു കണ്ടെത്തിയ റേഷൻ വിഹിതം അനർഹമായി കൈപ്പറ്റുന്നവരുടെ പട്ടിക ജില്ലാ തലത്തിലും താലൂക്ക് തലത്തിലും റേഷനിംഗ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. അവർ പരിശോധന നടത്തി അനർഹരെ കണ്ടെത്തി. ഇതുവരെയായി 5.62 ലക്ഷം കാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്നും മാറി. കണ്ടെത്തിയ അനർഹരിൽ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളുടെ മൂല്യമുള്ള സേവനമാണ് അങ്ങനെ ലഭിച്ചിരിക്കുന്നത്.
റേഷൻകാർഡിലെ പേരും മേൽവിലാസവും മലയാളത്തിലാണ്. വാഹന, കെട്ടിട രജിസ്റ്ററുകൾ ഇംഗ്ലീഷിലും. കമ്പ്യൂട്ടറിന് ഇവ രണ്ടും താരതമ്യപ്പെടുത്തണമെങ്കിൽ ആദ്യം റേഷൻകാർഡിലെ മലയാള മേൽവിലാസമെല്ലാം ഇംഗ്ലീഷിലാക്കണം. മലയാള ഭാഷ നാമങ്ങൾ ഉച്ഛാരണശുദ്ധിയോടെ ഇംഗ്ലീഷ് അക്ഷരങ്ങളിലേക്ക് മാറ്റുക എളുപ്പമായിരുന്നില്ലെന്ന് അജു പറയുന്നു.