വെല്ലിംഗ്ടൺ: തന്നെക്കാൾ 34 വയസ് ഇളപ്പമുളള വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ഭാര്യയാക്കി. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലായിരുന്നു ഈ അപൂർവ വിവാഹം നടന്നത്. പെൺകുട്ടിക്ക് ഇപ്പോൾ വയസ് 20. അദ്ധ്യാപകന് 54.അദ്ധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കാനുളളള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.
പെൺകുട്ടിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകൻ പഠിപ്പിക്കുകയും വളർത്തി വലുതാക്കുകയുമായിരുന്നു. 45 വയസുളളപ്പോഴാണ് അദ്ധ്യാപകൻ പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ എത്തുന്നത്. അപ്പോൾ പെൺകുട്ടിക്ക് വെറും 11വയസായിരുന്നു. അന്നുമുതൽ കുട്ടിയെ നോട്ടമിട്ട അദ്ധ്യാപകൻ അവളെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഇംഗ്ളീഷായിരുന്നു അദ്ധ്യാപകന്റെ വിഷയം. പഠനത്തിൽ പിന്നാക്കം നിൽക്കുന്നതിനാൽ സ്പെഷ്യൽ ട്യൂഷനും നൽകാൻ തുടങ്ങി. ഇതോടെയാണ് ഇരുവരും തമ്മിൽ കൂടുതൽ അടുത്തത്. ഇടയ്ക്ക് കുട്ടിക്ക് അദ്ധ്യാപകൻ ആഭരണങ്ങളും പണവും മധുരപലഹാരങ്ങളുമൊക്കെ നൽകാൻ തുടങ്ങി. പെൺകുട്ടിയുടെ വീട്ടുകാരോ ബന്ധുക്കളോ ഇക്കാര്യം അറിഞ്ഞില്ല.
ഇരുവരും ചേർന്നിരിക്കുന്നതും കൈകൾ കോർത്തുപിടിച്ച് നടക്കുന്നതുമൊക്കെ ബന്ധുക്കളിൽ ചിലർ കണ്ടെങ്കിലും ഗുരുശിഷ്യ ബന്ധം എന്നതിപ്പുറം അവർ കരുതിയില്ല. ഇതിനിടെ അദ്ധ്യാപകനൊപ്പം മറ്റൊരു രാജ്യത്തേക്ക് പോകുമെന്ന് പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നു. അപ്പോഴും ഇവർ തമ്മിലുളള ബന്ധം ആരും ഗൗനിച്ചില്ല.പെൺകുട്ടി കോളേജിൽ പോകാൻ തുടങ്ങിയപ്പോഴാണ് വീട്ടുകാർ വിവാഹത്തെക്കുറിച്ചതറിഞ്ഞത്. പക്ഷേ, അപ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടുപോയിരുന്നു. വിവാഹത്തെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തം എന്നാണ് പെൺകുട്ടി വിശേഷിപ്പിച്ചത്. ലോകം മുഴുവൻ ഇപ്പോൾ എനിക്കൊപ്പമാണ് എന്നായിരുന്നു അദ്ധ്യാപകന്റെ പ്രതികരണം. പ്രായപൂർത്തിയാകുംമുമ്പ് വിദ്യാർത്ഥനിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് വ്യക്തമായ തെളിവുകിട്ടിയാലേ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാനാവൂ എന്നാണ് അധികൃതർ പറയുന്നത്.