ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധന കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ സഭ. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട. എല്ലാ ധാരണാപത്രങ്ങളും ഭൂമി ഇടപാടും സർക്കാർ റദ്ദുചെയ്യണം. മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോദ്ധ്യപ്പെട്ടെന്നും മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും അതിരൂപത മുൻ വികാരി ജനറലും സി.ബി.സി.ഐ ലേബർ സെക്രട്ടറിയുമായ ഫാദർ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു
സർക്കാർ അമേരിക്കൻ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരും. മുന്നണികളുടെ പ്രകടനപത്രികയിൽ മത്സ്യബന്ധന മേഖലയുടെ പൂർണ അവകാശം മത്സ്യതൊഴിലാളികൾക്കെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ കാർഷിക നയം പോലെയാണ് സർക്കാരിന്റെ നടപടിയെന്നും യൂജിൻ പെരേര പറഞ്ഞു.
അതേസമയം സർക്കാരിനെ വിമർശിച്ച് കേരളാ കത്തോലിക്ക മെത്രാൻ സമിതിയും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളോട് കൂടിയാലോചന നടത്താതെ വിദേശകമ്പനിയുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടത് പ്രതഷേധാർഹമാണ്. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണെങ്കിലും അത് പിൻവലിക്കാനെടുത്ത തീരുമാനം ആശ്വാസകരവുമാണ്. 2018 മുതൽ ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെല്ലാം നിലനിൽക്കുകയാണ് . ഈ സാഹചര്യത്തിൽ വദേശകമ്പനി മറ്റേതെങ്കിലും മാർഗത്തിലൂടെ പദ്ധതി പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുമോയെന്ന് തീരവാസികൾ ഭയപ്പെടുന്നു. ആഴക്കടൽ ട്രോളിങ്ങിന് കുടൂതൽ ട്രോളറുകൾക്ക് അനുമതി നൽകുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.