തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ ധാരണാപത്രത്തെച്ചൊല്ലിയുള്ള വിവാദം സർക്കാരിനെതിരെ തീരദേശമേഖലകളിൽ പ്രചരണായുധമാക്കാൻ യു.ഡി.എഫ് .ഇ.എം.സി.സിയുമായി ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുണ്ടാക്കിയ ധാരണാപത്രം സർക്കാർ റദ്ദാക്കിയെങ്കിലും, വിവാദം പെട്ടെന്നവസാനിപ്പിച്ച് പിൻമടങ്ങുന്നത് ഗുണമാകില്ലെന്നാണ് വിലയിരുത്തൽ. വിവാദ പദ്ധതിക്കരാറുകളിലെ ചതിക്കുഴികളും അഴിമതികളും വിശദീകരിച്ച് തീരമേഖലകളിലൂടെ രണ്ട് മേഖലാജാഥകൾ നടത്താൻ ഇന്നലെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ ശംഖുംമുഖത്ത് ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. 27ന്റെ തീരദേശ ഹർത്താലിനെ യു.ഡി.എഫ് പിന്തുണയ്ക്കും.
മാർച്ച് ഒന്നിന് കാസർകോട്ട് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് ടി.എൻ. പ്രതാപൻ എം.പിയും, തിരുവനന്തപുരം പൂവാറിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് ഷിബു ബേബിജോണും നേതൃത്വം നൽകും. കാസർകോട് ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ,പൂവാർ ജാഥ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. തീരദേശത്തെ 220ഓളം മത്സ്യഗ്രാമങ്ങളിലൂടെ പര്യടനം നടത്തി രണ്ട് ജാഥകളും മാർച്ച് അഞ്ചിന് കൊച്ചി വൈപ്പിൻ തീരത്ത് സംഗമിക്കും. സമാപനസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.ഒമ്പത് തീരദേശ ജില്ലകളിലായി 50 തീരദേശ നിയോജകമണ്ഡലങ്ങളാണ് കേരളത്തിൽ. 2016ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 35 ഇടത്തും വിജയിച്ചത് ഇടതുമുന്നണിയാണ്. യു.ഡി.എഫിന് നേടാനായത് 14 മണ്ഡലങ്ങൾ മാത്രം .നേമത്ത് ബി.ജെ.പി വിജയിച്ചു.പുതിയ വിവാദം തീരമേഖലയിൽ അനുകൂല കാറ്റ് വീശാനിടയാക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. 25 തീരമണ്ഡലങ്ങളെങ്കിലും പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രകടന പത്രികാ രൂപീകരണത്തിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ജനസദസ്സുകൾ സംഘടിപ്പിക്കും.