കൊല്ലം: മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഒപ്പം യാത്ര ചെയ്തപ്പോൾ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. ഒപ്പം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. മത്സ്യത്തൊഴിലാളികൾക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന വകുപ്പ് രൂപീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുളളവരാണെന്നും മത്സ്യത്തൊഴിലാളികളുമായുളള സംവാദത്തിൽ രാഹുൽ പറഞ്ഞു.
രാജ്യാന്തര വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കൂട്ടുന്നു. ലാഭം രണ്ടോ മൂന്നോ കമ്പനികൾക്ക് മാത്രമാണ്. മത്സ്യത്തൊഴിലാളികളെ മുമ്പും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് സന്ദർശനം മാറ്റി. സുരക്ഷാകാരണങ്ങളാവാം കാരണമെന്നും രാഹുൽ പറഞ്ഞു.
കൊല്ലം തങ്കശേരി കടപ്പുറത്തായിരുന്നു സംവാദം. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുളള ആയിരത്തോളം മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ രാഹുൽ നടത്തുന്ന സംവാദപരിപാടികളുടെ തുടർച്ചയാണിത്. രമേശ് ചെന്നിത്തലയടക്കം സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തിയിരുന്നു.
മത്സ്യത്തൊഴിലാളികൾക്കൊപ്പം പുലർച്ചെ കടൽയാത്ര ചെയ്യാനും രാഹുൽ തയ്യാറായി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലർച്ചെയാണ് പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലിൽ ചെലവിട്ട് മടങ്ങിയെത്തി.