റിയാലിറ്റി ഷോയിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും ജനശ്രദ്ധ നേടിയ രാഖി സാവന്ത് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇനി തന്റെ ജീവിതമെന്നാണ് നടി വ്യക്തമാക്കുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസുതുറന്നത്.
"എന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛൻ വേണം. 'വിക്കി ഡോണർ' (വന്ധ്യത നേരിടുന്നവർക്ക് ബീജദാനം ചെയ്യുന്നത് ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വിക്കി ഡോണർ) രീതിയിൽ എനിക്ക് താത്പര്യമില്ല. പക്ഷേ അതെങ്ങനെ സംഭവിക്കുമെന്നറിയില്ല. ഞാൻ വിവാഹിതയാണ്. വ്യവസായിയായ റിതേഷ് ആണെന്റെ ഭർത്താവ്. പക്ഷേ വിവാഹം ഔദ്യോഗികമായി നടന്നിട്ടില്ല. അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന് ഞാൻ അറിഞ്ഞു. ഒരുപാട് കാരണങ്ങളാൽ ഞങ്ങളുടെ വിവാഹം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇനി ഞങ്ങൾ ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല" രാഖി പറഞ്ഞു.
രണ്ടു മാസം മുമ്പാണ് വാഹജീവിതം പരാജയപ്പെട്ടെന്നും താൻ കടുത്ത നിരാശയിലാണെന്നും വെളിപ്പെടുത്തി നടി രാഖി സാവന്ത് രംഗത്ത് വന്നത്.
''എന്റെ വിവാഹജീവിതം വലിയ ദുരന്തമായി മാറി. ഞാൻ കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്പ്പോഴും എനിക്കെതിരായിരുന്നു. എന്നിരുന്നാലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാൻ നശിപ്പിക്കുകയില്ല. ദൈവം എനിക്ക് നൽകിയ സമ്മനമാണിത്. അതുകൊണ്ട് അത് അമൂല്യമാണ്. ഞാൻ കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്. എന്റെ കുടുംബത്തെ പോറ്റുന്നത് ഞാൻ ഒറ്റയ്ക്കാണ്. ഞാൻ ഒരു ധനികനെ വിവാഹം ചെയ്തപ്പോൾ എന്റെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് വിചാരിച്ചത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു." എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് പിന്നീട് വിശദമാക്കാമെന്നും രാഖി അന്ന് പറഞ്ഞിരുന്നു.