വയനാട്: ആഴക്കടൽ മത്സ്യബന്ധന കരാറിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും നേതാക്കൾക്ക് കരാറിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുളള ബന്ധം എല്ലാവർക്കും അറിയാം. അഴിമതിയാണ് സർക്കാർ ലക്ഷ്യംവച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൊളളമുതൽ പങ്കുവച്ചതിൽ തർക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണ്. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇപ്പോൾ ബഹളം വയ്ക്കുന്നതിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ഇ എം സി സി ആശയ വിനിമയം നടത്തിയിട്ടുണ്ട് തുടങ്ങി പല കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നമ്മുടെ മത്സ്യ സമ്പത്ത് കൊളളയടിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.