ന്യൂഡൽഹി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെയുമായുളള സീറ്റ് വിഭജന ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയെ നിയോഗിച്ച് എ ഐ സി സി. സ്റ്റാലിനുമായി നടത്തുന്ന കൂടിക്കാഴ്ചകളുടെ ഭാഗമായി അദ്ദേഹം ചെന്നൈയിലെത്തി. പുതുച്ചേരിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുളള സാദ്ധ്യതയും ഉമ്മൻ ചാണ്ടി തേടുമെന്നാണ് വിവരം.
കോൺഗ്രസിന്റെ മാദ്ധ്യമവിഭാഗം മേധാവി രൺദീപ് സിംഗ് സുർജെവാലയെയും ഉമ്മൻ ചാണ്ടിക്കൊപ്പം ചർച്ചകൾക്കായി നിയോഗിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി എം കെയുമായി ഒരു വിശാല സഖ്യം കോൺഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോൺഗ്രസിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയൊരു വിജയം ഡി എം കെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.
ഡി എം കെയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച സീറ്റ് വിഭജനത്തിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിൽ 25 മുതൽ 30 വരെ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡി എം കെയുമായുളള ചർച്ചയ്ക്ക് മുമ്പ് ഉമ്മൻ ചാണ്ടിയും സുർജേവാലയും ഉൾപ്പെടെയുളളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മണ്ഡലങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും.