തിരുവനന്തപുരം: ഏറെ വിവാദമായ സംസ്ഥാന സർക്കാരും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും തമ്മിലെ ആഴക്കടൽ മത്സ്യ ബന്ധന കരാറിനെ കുറിച്ച് ശ്രദ്ധേയമായ ലേഖനവുമായി ജോളി ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജോളി ജോസഫ് തന്റെ ഈ വിഷയത്തിലെ അഭിപ്രായം കുറിച്ചത്.
രാജ്യത്തെ 90 ശതമാനം ആഴക്കടൽ മത്സ്യബന്ധവും നടക്കുന്ന അറബിക്കടലിൽ 'ജിഗർ ട്രോളർ' എന്ന വെളിച്ചം കാട്ടി കൂന്തലിനെ പിടിക്കുന്ന തരം മത്സ്യബന്ധനത്തിനാകാം ഇ.എം.സി.സി കമ്പനി എത്തിയത് എന്നും അതിൽ തെറ്റില്ലെങ്കിലും എന്നാൽ നമ്മുടെ കടലിൽ മീൻ ലഭിക്കാതെ അലയുന്ന ട്രോളറുകളുളളപ്പോൾ പുതിയവ എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. എംഒയു കാണിച്ച് വിദേശ നിക്ഷേപം ആകർഷിക്കാനല്ലേയെന്നും ഈ മേഖലയിൽ വിവരമുളളവരെ കമ്പനി അധികൃതർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ജോളി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മത്സ്യ വിഭവങ്ങളാണ് ചെമ്മീനും ( Prawns ) ചൂരയും ( Tuna ) കൂന്തലും ( Squids ) ...! സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ന്റെ പഠനം പ്രകാരം ആറുലക്ഷത്തി അൻപതിനായിരം ടൺ കൂന്തൽ അറേബ്യൻ ( FAO സോൺ നമ്പർ 51 ) കടലിൽ ഉണ്ട് .. ..! കടലിൽ 500 മീറ്ററിൽ താഴെയുള്ള ഈ മത്സ്യ സമ്പത്തിനെ എങ്ങിനെ പിടിക്കാം ..? അതിന് 1500 മീറ്റർ മുതൽ 2000 മീറ്റർ വരെയുള്ള കേബിൾ വല ഉള്ള ട്രോളർ ഉണ്ടായാലേ സംഗതി കയറിപ്പോരൂ ....!
ഇന്ത്യയിൽ 90 % ട്രോളിംഗ് നടക്കുന്നതു അറേബ്യൻ കടലിൽ ( FAO സോൺ നമ്പർ 51 ) ആണ് . വെറും 10 % മാത്രമേ ബംഗാൾ ഉൾക്കടലിൽ ( FAO സോൺ നമ്പർ 57 ) നടക്കാൻ സാധിക്കയുള്ളൂ ...! കാരണം കടലിന്റെ ആഴമാണ് .... ആഴം കുറഞ്ഞ ബംഗാൾ ഉൾക്കടലിൽ പവിഴപുറ്റുകളും പാറകളും കാരണം വല കീറാതെ മീൻ പിടിക്കാൻ ബുദ്ധിമുട്ടാണ് ..! അറേബ്യൻ കടലിലാകട്ടെ 5 നോട്ടിക്കൽ മൈൽ കഴിഞ്ഞാൽ ആഴമായി ... ! CMFRI പഠന റിപ്പോർട്ട് കണ്ട അമേരിക്കൻ /മലയാളി ഒരു പുതിയ പദ്ധതിയുമായി രംഗത്തെക്കിയിട്ടുണ്ടാവണം - ട്രോളർ പരിപാടി ! അത്യഗ്രഹം കൊണ്ട് കരുണയില്ലാതെ മീൻ പിടിക്കുന്ന, കളസം കീറുന്ന അറേബ്യൻ കടലിൽ ' ജിഗർ ട്രോളർ ' ഉണ്ടാക്കാനാവും ബുദ്ധിയുള്ള അദ്ദേഹം പ്ലാൻ ചെയ്തിട്ടുണ്ടാകുക ...! അതായത് ആയിരക്കണക്കിന് ചൂണ്ടയുള്ള, കടലിന്റെ അടിയിൽ പ്രകാശം കാണിച്ചു , കൂന്തലിനെ പിടിക്കുന്ന വേറൊരു ആഴക്കടൽ മത്സ്യബന്ധനം ! അതിലൊരു തെറ്റുമില്ല . നമുക്കില്ലാത്ത ടെക്നോളജി പ്രയോഗിക്കുന്നതിൽ എന്താണ് പ്രശ്നം ? അല്ലെങ്കിൽ അന്യരാജ്യക്കാർ പിടിച്ചു കൊണ്ടുപോകും , അല്ലെങ്കിൽ വയസ്സായി മത്സ്യസമ്പത്ത് നശിക്കും ...തീർച്ച .!
ആദ്യത്തെ കടമ്പ : വെറും 12 നോട്ടിക്കൽ മൈൽ മാത്രമേ സ്റ്റേറ്റ് ഗവണ്മെന്റ് കൈകാര്യം ചെയ്യാൻ സാധിക്കൂ. UN ചാർട്ടർ പ്രകാരം 200 നോട്ടിക്കൽ മൈൽ ആണ് ഒരു രാജ്യത്തിന്റെ കടലിലെ പരമാധികാരം , ബാക്കിയെല്ലാം എല്ലാവരുടേതാണ് ....!
രണ്ടാമത്തെ കടമ്പ : 18 മീറ്ററിൽ കൂടുതലുള്ള വള്ളങ്ങൾ /ബോട്ടുകൾ / ട്രോളറുകൾ / കപ്പലുകൾ , സെൻട്രൽ ഗവൺമെന്റിന്റെ ഡയറക്ടർ ജനറൽമാർ ( DGS & DGF ) അംഗീകരിക്കണം ... ഇന്ത്യൻ കോസ്റ് ഗാർഡ് അത് വീക്ഷിക്കുകയും ചെയ്യും ..!
മൂന്നാമത്തെ കടമ്പ : മത്സ്യ സമ്പത്തിനെ വിദേശത്തേക്ക് അയക്കണമെങ്കിൽ മറൈൻ പ്രോഡക്ട് എക്സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ( MPEDA ) എക്സ്പോർട്സ് ഇൻസ്പെക്ഷൻ ഏജൻസിയുടെ ( EIC ) ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ( DGFT ) റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ( RBI ) എന്നിവരുടെ അനുവാദവും , കസ്റ്റംസ് പരിശോധനയും , പിന്നെ ഒരുപാടു വേറെ കടലാസ് പണികൾ വേറെയും വേണം ...!
നമ്മുടെ കടലുകളിൽ മീൻ കിട്ടാതെ അലയുന്ന അനേകം ട്രോളറുകൾ അത്യാവശ്യം നല്ല ചുളു വിലക്ക് വാങ്ങാമെന്നിരിക്കെ , എന്തിനാണ് സേട്ടാ പുതിയ ട്രോളറുകൾ...? ഏതൊരു ഇന്ത്യൻ കമ്പനിക്കും കാശു കെട്ടിവെച്ചാൽ , നിയമപ്രകാരം 4 ഏക്കർ ഭൂമി പാട്ടത്തിനു കിട്ടും . പ്രത്യേകിച്ച് അംഗീകൃത സോണുകളിൽ . നമ്മുടെ ചേട്ടായി ഇന്നേവരെ പത്തുപൈസ ഇതേവരെ മുടക്കിയിട്ടില്ല .. ! അവിടെ സ്ഥലം പാട്ടത്തിനെടുത്ത് സീഫുഡ് ഫാക്ടറി പണിയുന്നവർ എന്റെ സുഹൃത്തുക്കളാണ് . ഒരു സ്റ്റേറ്റ് ഗവർമെന്റുമായി MOU ഉണ്ടാക്കി അതിൽ കൂറേ സീലുകൾ ഒപ്പുകൾ വീണാലും ഇന്ത്യൻ ഗവണ്മെന്റ് സമ്മതിക്കാതെ കടലിൽ മീൻ പിടിക്കാനും വിദേശത്തേക്ക് വിൽക്കാനും സാധിക്കില്ല ..! പക്ഷെ , കാശുമുടക്കുന്നവരെ കാണിക്കാം MOU അത്രമാത്രം ! ഒരു ഗവണ്മെന്റ് ഡിപ്പാർട്മെന്റുമായി MOU ഉണ്ടാക്കിയാൽ , അത് വിദേശത്ത് കാണിച്ചു കാശുമുടക്കുന്നവരെ കൊണ്ടുവരാം എന്നൊരു സാധ്യത ഉണ്ടല്ലോ...അല്ലെ ? ഇന്ത്യയുടെ മൊത്തം വിദേശ വില്പന ഒരുകൊല്ലത്തിൽ അൻപതിനായിരം കോടി മാത്രമാണെന്നിരിക്കെ 5000 കോടി ഇൻവെസ്റ്റ്മെന്റ് എന്നൊക്കെ പറഞ്ഞാൽ ദഹിക്കാൻ ഒരൽപം ബുദ്ദിമുട്ടും ..!
വേറൊരു പ്രധാനപ്പെട്ട കാര്യം , നമ്മുടെ അമേരിക്കൻ /മലയാളി വ്യവസായി സീഫുഡ് എക്സ്പോർട്ടേഴ്സ് അസ്സോസിയേഷനെയോ , MPEDA /EIC എന്നിവരെയോ ഇന്നേവരെ ബന്ധപ്പെട്ടിട്ടില്ല എന്നതാണ് ഞാൻ അറിഞ്ഞത് ..ഈ വിവരം സത്യമല്ലാതിരിക്കട്ടെ !
വോട്ടിനു വേണ്ടി രാഷ്ട്രീയത്തിൽ എന്തും വിളിച്ചു പറയാം എന്ന സ്ഥിതി മാറി ഈ വ്യവസായത്തിൽ വിവരമുള്ളവരോട് , പ്രത്യേകിച്ച് സീഫുഡ് എക്സ്പോർട്ടേഴ്സ് അസ്സോസിയേഷന്റെ ഭാരവാഹികളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി പ്രസ്താവന ഇറക്കണമെന്നു അഭ്യർത്ഥിക്കുന്നു .
മെയ് 22 ന് ഞാനും എന്റെ സുഹൃത്തായ വിനോദും മനസിലുള്ള നല്ലൊരു ആശയം പങ്കുവയ്ക്കാൻ നമ്മുടെ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ വീട്ടിൽ പോയീ നേരിൽ കണ്ട് പറഞ്ഞപ്പോൾ , മലയാളത്തിൽ ബിരുദാനന്ത ബിരുദവും നിയമവും പഠിച്ച അവർ പറഞ്ഞത് ഓർക്കുന്നു .''പരമ്പരാഗത തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത് , പറയുന്ന കാര്യങ്ങൾ നേരം വണ്ണം നടത്തണം , ചെയ്യുന്ന കാര്യങ്ങൾക്കു ക്വാളിറ്റി വേണം ..'' അവരെ കുറിച്ച് വേറെ എന്ത് പറയാൻ, എഴുതാൻ ...?
ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മത്സ്യ വിഭവങ്ങളാണ് ചെമ്മീനും ( Prawns ) ചൂരയും ( Tuna ) കൂന്തലും ( Squids )...
Posted by Joly Joseph on Tuesday, 23 February 2021