ന്യൂഡൽഹി: മാർച്ച് ഒന്നിന് ആരംഭിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്റെ രണ്ടാംഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ കുത്തിവയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ പത്തുകോടിയിലേറെ പേർ 60 കഴിഞ്ഞവരായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും 60 കഴിഞ്ഞ മുഖ്യമന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുമെന്നാണ് വിവരം.
ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും മുന്നണിപോരാളികൾക്കുമായി മൂന്നുകോടി പേർക്ക് നൽകാനാണ് ലക്ഷ്യമിട്ടത്. ഇത് പുരോഗമിക്കുന്നതിനിടെയാണ് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.21 കോടി കടന്നു. ഇതിൽ 64ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഒരു ഡോസ് നൽകി. 13 ലക്ഷം പേർക്ക് രണ്ടാംഡോസും നൽകി. മുൻനിരപോരാളികളിൽ 42 ലക്ഷം പേർക്കാണ് ആദ്യ ഡോസ് നൽകിയത്. ആദ്യ ഡോസ് കുത്തിവച്ച് 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നൽകുന്നത്. ഫെബ്രുവരി 13 മുതലാണ് രണ്ടാംഡോസ് കുത്തിവച്ചു തുടങ്ങിയത്.
അതേസമയം റഷ്യയുടെ സ്പുട്നിക്ക് 5 വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതിക്കുള്ള അപേക്ഷ ഇന്നലെ ചേർന്ന വിദഗ്ദ്ധസമിതി പരിഗണിച്ചില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫലപ്രാപ്തി സംബന്ധിച്ച ഡേറ്റ ഹാജരാക്കാൻ സ്പുട്നിക്കിന്റെ ഇന്ത്യൻ പങ്കാളിയായ ഡോ.റെഡ്ഡീസിനോട് സമിതി ആവശ്യപ്പെട്ടതായാണ് സൂചന.