കേരളത്തിൽ പിണറായി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം
ചെന്നൈ: വരുന്ന തമിഴ്നാട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും, മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമലഹാസൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും, സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.
എം.ജി.ആറിന്റെ പിൻഗാമിയായി സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കമൽ ചെന്നൈയിലെ അലന്തൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന് പുറമേ, കോയമ്പത്തൂർ, മധുരൈ എന്നിവിടങ്ങളിലെ ഒരു മണ്ഡലത്തിൽ നിന്നുകൂടി മത്സരിച്ചേക്കും.
മൈലാപ്പൂർ, ടി നഗർ, വാളാചേരി എന്നീ മണ്ഡലങ്ങളും ചെന്നൈയിൽ പരിഗണിക്കുന്നുണ്ട്. കമൽ അലന്തൂരിൽ മത്സരിക്കുമെന്നുറപ്പിച്ച് പാർട്ടി പ്രവർത്തകൻ പ്രചാരണം ആരംഭിച്ചു. കമൽ ഇവിടെ മത്സരിക്കണമെന്നാഗ്രഹിക്കുന്ന ആരാധകർ ഫോണിലൂടെ ഇക്കാര്യം അറിയിക്കണമെന്നും മക്കൾ നീതി മയ്യം ജില്ലാ സെക്രട്ടറിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ പാർട്ടികളെ ശക്തമായി വിമർശിച്ച കമൽ ഒരു മൂന്നാം മുന്നണിയുണ്ടാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.