തിരുവനന്തപുരം: സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിൽ കേരളകൗമുദിക്ക് എന്നും മുൻനിരയിലാണ് സ്ഥാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളകൗമുദിക്കൊപ്പം 50 വർഷം പിന്നിട്ട ഏജന്റുമാരെ ആദരിക്കുന്നതിനായി പേട്ട എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
110 വർഷങ്ങളുടെ സമ്പന്നമായ ചരിത്രമാണ് കേരളകൗമുദിക്കുള്ളത്. പുഴുക്കളെപ്പോലെ മനുഷ്യനെ പരിഗണിച്ചിരുന്ന ഒരു കാലത്ത് സാമൂഹ്യജീവിതത്തിന്റെ പൊതുധാരയിലേക്ക് അവരെ ഉയർത്തുന്നതിന് ഈ മാദ്ധ്യമസ്ഥാപനം നേതൃത്വം നൽകി. സ്ഥാപിതമായ കാലം മുതൽ അതത് കാലത്തെ രാഷ്ട്രീയ വിദ്യാഭ്യാസം ജനങ്ങൾക്ക് നൽകാൻ കേരളകൗമുദിക്ക് സാധിച്ചിട്ടുണ്ട്. പത്രാധിപർ എന്ന അനിഷേധ്യ പദവി ഒരാൾക്കു മാത്രമേയുള്ളൂ, അത് കേരളകൗമുദിയുടെ സ്ഥാപക പത്രാധിപർ കെ. സുകുമാരനാണ്. പത്രത്തെ ജനപ്രിയമാക്കാൻ താങ്ങും തണലുമായിരുന്നവരാണ് ഏജന്റുമാർ. തങ്ങളുടെ ജീവിതത്തിലെ 50 വർഷങ്ങൾ അവർ പത്രത്തിന്റെ വിതരണത്തിനായി മാറ്റിവച്ചു. ഇവരുടെയൊക്കെ പ്രവർത്തനം പത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ടെന്നതിൽ സംശയമില്ല. പത്രം 110ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഏജന്റുമാരെ ഓർമ്മിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായി. അന്ധവിശ്വാസവും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന ഒരു കാലത്തിൽ നിന്ന് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളം മാറിയതിൽ കേരളകൗമുദിക്ക് വലിയ പങ്കുണ്ടെന്ന് വി.എസ്. ശിവകുമാർ പറഞ്ഞു. ചടങ്ങിൽ ഏജന്റുമാരെ പൊന്നാടയണിയിച്ച് ഉപഹാരവും നൽകി. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ ആമുഖപ്രസംഗം നടത്തി. കേരളകൗമുദി ഡയറക്ടർമാരായ ഷൈലജ രവി, ലൈസ ശ്രീനിവാസൻ എന്നിവർ സന്നിഹിതരായി. സർക്കുലേഷൻ മാനേജർ ബി.എൽ. അഭിലാഷ് സ്വാഗതവും കോർപ്പറേറ്റ് പ്രൊഡക്ഷൻ ഹെഡ് കെ.എസ്. സാബു നന്ദിയും പറഞ്ഞു.