കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം രാജ്യത്ത് പച്ചയ്ക്ക് കൊല ചെയ്യപ്പെട്ട മുഴുവൻ രക്ഷസാക്ഷികളുടെയും കുടുംബങ്ങളുടെ വിജയമാണ്; തിരുനെല്ലി വനത്തിൽ പൊലീസ് വെടിവച്ചു കൊന്ന നക്സലൈറ്റ് നേതാവ് എ. വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപ നൽകാനുളള തീരുമാനമറിഞ്ഞ് സഹോദരൻ അരീക്കാട്ട് തോമസ് (77) പറഞ്ഞു.
''അവൻ മൃഗീയമായി കൊല ചെയ്യപ്പെട്ടത് 1970 ഫെബ്രുവരി 18നാണ്. ഇതൊരു കൊലപാതകമാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞു. പക്ഷെ ആരും വിശ്വസിച്ചില്ല. സംശയം പ്രകടിപ്പിച്ചവരെപോലും പൊലീസ് വേട്ടയാടി. ഒടുവിൽ നീണ്ട കാലത്തിന് ശേഷം സത്യം പുറത്തുവന്നത് സി.ആർ.പി എഫ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിലൂടെ. നന്ദിയുണ്ട്. എല്ലാവരോടും..."
''51 വർഷം. അതൊരു നീണ്ട പോരാട്ടമായിരുന്നു. അടിയോരുടെ പെരുമനെന്ന് പേര് കേട്ട വർഗീസിന്റെ 51-ാം രക്തസാക്ഷി വാർഷികദിനം കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവിധ നക്സലൈറ്റ് സംഘടനകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ഭരണകൂടം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, വർഗീസിനെ തിരുനെല്ലിയിൽ നിന്ന് പിടിച്ചുകൊണ്ടു പോയി അതിമൃഗീയമായി കൊലപ്പെടുത്തിയതാണെന്ന് പിതാവ് അരീക്കാട്ട് വർക്കി നേരത്തെ കേരളകൗമുദിയുമായുള്ള അഭിമുഖത്തിൽ ഉറപ്പിച്ച് പറഞ്ഞിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ കേസന്വേഷണം ആരംഭിച്ചത്. വർഗീസിനെ പിടിച്ചുകൊണ്ടു പോകുന്നത് നേരിട്ട് കണ്ട ആദിവാസികളായ ജോഗി, ചമ്പരൻ, കരിമ്പൻ, ചോമൻ മൂപ്പൻ, തിരുനെല്ലിയിലെ പ്രഭാകര വാര്യർ എന്നിവരൊക്കെ കോടിതിയിലെത്തി മൊഴി നൽകിയിരുന്നു. ഇതെല്ലാം തെളിവായി.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന വിധി ഹൈക്കോടതി ശരിവച്ചു. ലക്ഷ്മണയടക്കം അപ്പീലിന് പോയെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്നതിലുപരി രാജ്യത്തെ നിരപരാധികളായ സമരസഖാക്കളെ പച്ചയ്ക്ക് കൊല ചെയ്ത സംഭവങ്ങൾ ചോദ്യം ചെയ്യുക കൂടിയാണ് ഇൗ കേസ് വഴി നേടിയെടുത്തതെന്ന് വർഗ്ഗീസിന്റെ ബന്ധുക്കൾ പറഞ്ഞു.
തിരുനെല്ലിയിലെ കൂമ്പാരക്കുനിയിൽ വച്ചാണ് വർഗീസിനെ രാമചന്ദ്രൻ നായർ വെടിവച്ചു കൊന്നത്. മൃതദേഹം പളളി സെമിത്തേരിയിൽ പോലും അടക്കാൻ കഴിഞ്ഞില്ല. വേണമെങ്കിൽ തെമ്മാടിക്കുഴിയിൽ അടക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ അതിനൊന്നും നിൽക്കാതെ പിതാവ് വർക്കി മൃതദേഹം അരീക്കാട്ട് തറവാട്ട് വളപ്പിൽ സംസ്കരിക്കുകയായിരുന്നു.