ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലെ സിവിൽ സർവീസ് പരീക്ഷ (2020) എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഇനി അവസരം നൽകില്ലെന്ന് സുപ്രീംകോടതി.
കഴിഞ്ഞ വർഷത്തോടെ പരീക്ഷയെഴുതാനുള്ള പ്രായപരിധി പിന്നിട്ടവർക്ക് അധിക അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രചന സിംഗ് എന്ന ഉദ്യോഗാർത്ഥി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിലവിലെ ഹർജിയിൽ ഒരു അവസരം കൂടി അനുവദിച്ചാൽ ഇനി വരുന്ന പരീക്ഷകളിലും അതൊരു കീഴ്വഴക്കമാകുമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ അംഗങ്ങളായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊവിഡാണ് പരീക്ഷയ്ക്ക് ഹാജരാകാൻ തടസമായതെങ്കിൽ 2020ൽ നടന്ന പരീക്ഷകളിൽ ഹാജരാകാൻ സാധിക്കാത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും അവസരം നൽകേണ്ടി വരും. 2015 മുതൽ ഹർജിക്കാരി പരീക്ഷയ്ക്ക് ഹാജരാകുന്നുണ്ടെന്നും അവസാന അവസരവും കൊവിഡും ബന്ധപ്പെടുത്തി ഇനിയൊരു അവസരം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. ഹർജി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അധിക അവസരം നൽകാൻ തയാറാണെങ്കിലും പ്രായപരിധിയിൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്.