പ്രതിപക്ഷത്തിന് ആയുധം നൽകാതെ രാഷ്ട്രീയ തന്ത്രം
പിൻവലിക്കുന്നത് ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കെ, ശബരിമല യുവതീപ്രവേശന വിധിക്കും പൗരത്വനിയമ ഭേദഗതിക്കുമെതിരെ അരങ്ങേറിയ സമരപരമ്പരകളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത മുഴുവൻ കേസുകളും പിൻവലിച്ച്, സർക്കാരിന്റെ പ്രതിരോധ തന്ത്രം. ശബരിമല വിവാദം തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കാൻ യു.ഡി.എഫ് 'കെട്ടുനിറയ്ക്കു'ന്നതിനിടെയാണ് ആ സാദ്ധ്യതയുടെ വഴിയടച്ച് മന്ത്രിസഭാ തീരുമാനം.
ശബരിമല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസും യു.ഡി.എഫ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ശബരിമല വിധിയെച്ചൊല്ലി ഒരു വിഭാഗം നടത്തിയ പ്രക്ഷോഭങ്ങൾ വോട്ടർമാരിലുണ്ടാക്കിയ തെറ്റിദ്ധാരണ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരു കാരണമായെന്നു വിലയിരുത്തിയ സി.പി.എം, നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. പിന്നാലെയാണ്, നാമജപ ഘോഷയാത്രയുടെ പേരിൽ വഴിതടഞ്ഞും, നിരോധനാജ്ഞ ലംഘിച്ചുമുള്ള സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ പിൻവലിക്കുന്നത്.
വാഹനങ്ങൾ തകർത്തതടക്കം, ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായ അക്രമസമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തുടരും.കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും ഗുരുതര സ്വഭാവമില്ലാത്തവ പിൻവലിക്കും. ശബരിമല വിഷയത്തിൽ 2018 നവംബർ മുതൽ 2019 ജനുവരി വരെ നീണ്ട സമരങ്ങളിലായി 1007 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 4163 അറസ്റ്റുമുണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ 311 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് 1809. മുസ്ലിം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലടക്കം സമരം നടന്നിരുന്നു.
തിരിച്ചടിയുടെ ഓർമ്മയിൽ വീണ്ടുവിചാരം
നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മത, സാമുദായിക നേതൃത്വങ്ങളുമായുള്ള സാമൂഹ്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ നീക്കം. തങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായതെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. സർക്കാർ തീരുമാനത്തെ എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും അടക്കമുള്ള സംഘടനകൾ സ്വാഗതം ചെയ്തു.
ശബരിമല വിധി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം സജീവമായി രംഗത്തെത്തിയതോടെ, പ്രതിരോധിക്കാനായി നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരണമുൾപ്പെടെയുള്ള മാർഗങ്ങൾ സർക്കാർ പരീക്ഷിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ 2019 ജനുവരി ഒന്നിന് വനിതാ മതിലും സംഘടിപ്പിച്ചു. പിന്നാലെ, രണ്ടു യുവതികൾ ശബരിമലയിൽ കയറിയതോടെ വിവാദം പുതിയ വഴിത്തിരിവിലെത്തി. തുടർന്നു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയായത് ശബരിമല വിഷയമായിരുന്നു. 20 ലോക്സഭാ സീറ്റുകളിൽ 19-ലും എൽ.ഡി.എഫ് പരാജയപ്പെട്ടതോടെയാണ് ഇടതുനേതൃത്വത്തിന്റെ വീണ്ടുവിചാരം.
നീതി കാട്ടിയത് നല്ല കാര്യം: വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച സർക്കാർ തീരുമാനം അഭിനന്ദനാർഹമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈന്ദവ വിശ്വാസികളോട് നീതി കാട്ടിയത് നല്ല കാര്യം. സർക്കാരിന്റെ രാഷ്ട്രീയ മര്യാദയാണ് അത്. അതിനെ രാഷ്ട്രീയ മുതലെടുപ്പായി ആക്ഷേപിക്കരുത്. ശബരിമല വിഷയത്തെ വികാരപരമായി നേരിടാതെ വിവേകപൂർവം സമീപിക്കണമെന്നായിരുന്നു യോഗത്തിന്റെ നിലപാട്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ രാഷ്ട്രീയക്കണ്ണോടെ കാണരുത്. അത് നല്ല സമീപനമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വാഗതാർഹം, പക്ഷേ...: സുകുമാരൻ നായർ
ചങ്ങനാശേരി: സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും ദർശനത്തിനെത്തിയ നിരപരാധികൾക്കെതിരെയും എടുത്ത കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ല. കേസ് പിൻവലിക്കാനുള്ള തീരുമാനം കൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി യും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സർക്കാരിന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും വിശ്വാസികളോട് മാപ്പു പറയണം. ബി.ജെ.പി യുടെ നിലപാടുകളിലേക്ക് കേരള രാഷ്ട്രീയം മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്. സർക്കാർ നിലപാട് ആത്മാർത്ഥമാണെങ്കിൽ വിശ്വാസികൾക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കണം.
-കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
ശബരിമല യുവതീ പ്രവേശനം,പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വൈകിയ വേളയിലെങ്കിലും പിൻവലിക്കാൻ സർക്കാർ തയ്യാറായത് പൊതുസമൂഹത്തിന്റെ വിജയമാണ്. കോൺഗ്രസ് തുടക്കം മുതൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ദുരഭിമാനിയായ മുഖ്യമന്ത്റി ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല.
- കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ