മ്യൂണിക്ക് : ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരങ്ങളിൽ ബയേൺ മ്യൂണിക്കിനും ചെൽസിക്കും ജയം. ബയേൺ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലാസിയോയെ തരിപ്പണമാക്കിയപ്പോൾ ജിറൗഡിന്റെ വണ്ടർ ഗോളിലാണ് ചെൽസി അത്ലറ്റിക്കോ മാഡ്രിഡിന്റെ വെല്ലുവിളി മറികടന്നത്. ലാസിയോക്കെതിരെ തുടക്കം മുതൽ ആധിപത്യം നേടിയ ബയേൺ ഒരു ഘട്ടത്തിൽപ്പോലും കടിഞ്ഞാൺ കൈവിട്ടില്ല. 9-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബയേൺ ഗോളടി ആരംഭിച്ചു. 24-ാം മിനിട്ടിൽ മുസിയാല, 42-ാം മിനിട്ടിൽ സാനെ എന്നിവരും ബയേണിനായി ലക്ഷ്യം കണ്ടു. 47-ാം മിനിറ്റിൽ അസെർബിയുടെ വകയായി സെൽഫ് ഗോളും ബയേണിന്റെ അക്കൗണ്ടിലെത്തി.49-ാം മിനിട്ടിൽ കോറിയ ആണ് ഇറ്റാലിയൻ ടീമിന്റെ ആശ്വാസഗോൾ നേടിയത്.
ഒളിവർ ജിറൗഡിന്റെ മനോഹര ഗോളിലാണ് ചെൽസി അത്ലറ്റിക്കോയ്ക്കെതിരെ വിജയം സ്വന്തമാക്കിയത്. 68-ാം മിനിട്ടിലാണ് ജിറൗഡിന്റെ ഗോൾപിറന്നത്.ഇംഗ്ലണ്ടിൽ നിന്നുള്ള യാത്രക്കാർക്ക് സ്പാനിഷ് സർക്കാർ വിലക്ക് ഏർപെടുത്തിയതിനെ തുടർന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം മത്സരം നടന്നത് റൊമാനിയയിലെ ബുക്കാറസ്റ്റിലെ നാഷൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു.