ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. ഫീസ് നിർണയ സമിതി തീരുമാനിച്ച ഫീസ് പുന:പരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഫീസ് നിർണയ സമിതി തീരുമാനം മാനേജുമെന്റുകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എൽ. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
2016 മുതൽ 2020 വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതൽ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാൽ ഇത് 11 ലക്ഷം രൂപ മുതൽ 17 ലക്ഷം വരെയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മാനേജുമെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകൾക്ക് അനുകൂലമായിരുന്നു ഹൈക്കോടതി വിധി.