പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്ക് ബാധകമായേക്കില്ല. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് സംഘപരിവാർ നേതാക്കൾക്കെതിരെയാണ്. ശബരിമലയുടെ പേരിൽ സംസ്ഥാന വ്യാപകമായി സംഘർഷം നടന്ന 2018ലും 19ലും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല , ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയവർക്കെതിരെ കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, മോഷണം, തീവയ്പ്, വീട് തകർക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കെ.സുരേന്ദ്രനെതിരെയാണ് കൂടുതൽ കേസുകൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 240 കേസുകളാണ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിലെത്തിയ സുരേന്ദ്രനെതിരെ സർക്കാർ ആസൂത്രിതമായി നീങ്ങുന്നതിന്റെ ഭാഗമായാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. 2019ൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സുരേന്ദ്രനെതിരെ 20 കേസുകളാണുണ്ടായിരുന്നത്. 220 കേസുകൾ വേറെയുമുണ്ടെന്ന് പിന്നീടാണ് വിവരം ലഭിച്ചത്. ഇതുംകൂടി ഉൾപ്പെടുത്തി സുരേന്ദ്രനു വേണ്ടി രണ്ടു സെറ്റ് നാമനിർദ്ദേശ പത്രികകൾ പുതുക്കി നൽകി.
യുവതികളായ ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയ ജനുവരി രണ്ടിനു നടന്ന ഹർത്താലിനെ തുടർന്ന് അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തെന്ന പേരിലാണ് സുരേന്ദ്രനെതിരെ 220 കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. കൊല്ലം ജില്ലയിൽ 68ഉം,ആലപ്പുഴയിൽ 55ഉം പത്തനംതിട്ടയിൽ 31ഉം കേസുകളുണ്ടായി. തങ്ങൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ സ്ഥാനാർത്ഥികൾ പത്രപ്പരസ്യത്തിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്ന സുപ്രീംകോടതി വിധിയനുസരിച്ച് കെ. സുരേന്ദ്രൻ തന്നെയാണ് കേസുകളുടെ വിവരം പുറത്തുവിട്ടത്. 240 കേസുകളുടെ വിവരങ്ങൾ ചേർത്ത് പത്രങ്ങളിൽ നാല് പേജ് പരസ്യം ചെയ്യേണ്ടി വന്നു.