തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസ് നടത്തിയ ചർച്ചയിലെ കാര്യങ്ങൾ ഉത്തരവായിറങ്ങി. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ, വാക്കാൽ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 74.01 ശതമാനം അഡ്വൈസ് നൽകി കഴിഞ്ഞതിനാൽ ഇനി നിയമനം നടത്താൻ കഴിയില്ലെന്നും, ഒഴിവുകളുണ്ടെന്ന ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ലെന്നുമാണ് ഉത്തരവിലുള്ളത്.
എൽജിഎസ് റാങ്കുപട്ടികയുടെ കാലാവധി തീർന്നിട്ടില്ലാത്തതിനാൽ, അതിൽനിന്നും ഇനിവരുന്ന രണ്ട് മാസങ്ങളിലെ ഒഴിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽപേർക്ക് നിയമനം നടത്തുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇത് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസകരമാണ്. നൈറ്റ് വാച്ചർമാരുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യം പരിശോധിക്കാമെന്ന നിലപാടിലാണ് സർക്കാർ. നൈറ്റ് വാച്ചർമാരുടെ സമയം നിജപ്പെടുത്തികഴിഞ്ഞാൽ അതിൽ നിന്നും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സർക്കാരിന്റെ മറുപടി മാത്രമാണ് ഇപ്പോൾ ഉത്തരവായി പുറത്തിറങ്ങിയതെന്നും, ആവശ്യപ്പെട്ട കാര്യങ്ങൾ കൃത്യമായ ഉത്തരവായി ഇറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർത്ഥികളുടെ നേതാവായ ലയ രാജേഷ് പ്രതികരിച്ചു.