ലണ്ടൻ: ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ കോടതിയുടെ ഉത്തരവ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജയിലിൽ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങൾ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകൾ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് ജഡ്ജി സാമുവൽ ഗൂസി നിരീക്ഷിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനിൽ അഭയം പ്രാപിച്ചത്. അന്നുമുതൽ ഇയാളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയിൽ തന്നെ നിയമനടപടി നേരിടുന്നത് കൂടുതൽ നല്ലതായിരിക്കുമെന്ന് ലണ്ടൻ കോടതി വിലയിരുത്തി. അസാന്മാർഗിമായ രീതിയിൽ നീരവ് മോദിയുടെ നേതൃത്വത്തിൽ പണം തിരിമറി നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ നൽകിയ 16 തരത്തിലുള്ള തെളിവുകൾ വിശകലനം ചെയ്തുകൊണ്ടാണ് ലണ്ടൻ കോടതി ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയത്.