SignIn
Kerala Kaumudi Online
Sunday, 18 April 2021 11.38 PM IST

കെട്ടിട നമ്പറില്ല, കുടിവെള്ളമില്ല, ഫയർഫോഴ്‌സിന്റെ അനുമതിയുമില്ല: മലപ്പുറത്ത് സെൻട്രൽ ജയിൽ ഉദ്ഘാടനം മാർച്ച് 2ന്

tavanoor-jail

തിരുവനന്തപുരം: കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം മലപ്പുറം ജില്ലയിലെ തവനൂർ കൂരടയിൽ നിർമിക്കുന്ന ആദ്യ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനം തിടുക്കപ്പെട്ടെന്ന് വകുപ്പിനുള്ളിൽ തന്നെ ആക്ഷേപം. മാർച്ച് രണ്ടിന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന ജയിലിന് കെട്ടിട നമ്പറോ ഫയർഫോഴ്സിന്റെ എൻ.ഒ.സിയോ ലഭിച്ചിട്ടില്ല. ഇതിനായി അഗ്നി സുരക്ഷാ ഉപകരണങ്ങൾ സജ്ജീകരിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഇഴഞ്ഞു നീങ്ങുകയാണ്. 8 ഏക്കറോളമുള്ള ഭൂമിയിൽ 80000 സ്‌ക്വയർ ഫീറ്റിൽ മൂന്നു നിലകളിലാണ് ജയിലിന്റെ നിർമ്മാണം.

2011 നവംബർ 15നാണ് തവനൂരിൽ തറക്കല്ലിടീൽ നടന്നത്. 2014ൽ ആരംഭിച്ച ആദ്യഘട്ടം 2016ൽ പൂർത്തിയായി. 2018ൽ ആരംഭിച്ച രണ്ടാംഘട്ടം നിലവിൽ പൂർത്തിയാകുന്നതേയുള്ളു.ഇതുവരെയുള്ള നിർമ്മാണത്തിന് 31കോടിയോളം രൂപ ചെലവായിട്ടുണ്ട്. നിലവിൽ താത്ക്കാലിക വൈദ്യുതി കണക്ഷനുപയോഗിച്ചുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ജയിലിൽ ആവശ്യത്തിനായി കുഴിച്ച കുഴൽ കിണറിൽ നിന്നുള്ള വെള്ളവും ചെളി കാരണം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. വെള്ളത്തിനായി വാട്ടർ അതോറിട്ടിയെ സമീപിക്കേണ്ടിവന്നാൽ 10ലക്ഷത്തിലധികം രൂപയുടെ അധിക ചെലവുണ്ടാകും.അതിനാൽ ഇക്കാര്യവും സംശയത്തിലാണ്.ഇതിനിടെയാണ് തിടുക്കപ്പെട്ടുള്ള ഉദ്ഘാടനം. 3000ത്തോളം പേരെ പാർപ്പിക്കാനാവുമെന്ന് ഡി.ജി.പി പറയുന്ന തവനൂരിൽ ചട്ടങ്ങളനുസരിച്ച് 568 പേരെ മാത്രമെ പാർപ്പിക്കാൻ സാധിക്കൂ. 90 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും 90 അസി.പ്രിസൺ ഓഫീസർമാരുമടക്കം 161 പേരുടെ തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.

ഇങ്ങനൊരു സ്ഥലമോ
പ്രദേശവാസി കുഞ്ഞ് മുഹമ്മദ് ഹാജി കൈയടക്കി വച്ചിരുന്ന സ്ഥലം പട്ടയത്തിനായി ഹൈക്കോടതി കയറിയപ്പോഴായിരുന്നു ജയിൽ വകുപ്പുപോലും തിരിച്ചറിയുന്നത് ഇങ്ങനൊരു സ്ഥലം വകുപ്പിനുണ്ടെന്ന്. നിങ്ങളുടെ ഭൂമിയിൽ പട്ടയം അനുവദിക്കാൻ എതിർപ്പുണ്ടോ എന്ന് തിരക്കി നോട്ടീസ് വന്നതോടെയായിരുന്നു ഇത്. പിന്നീട് ജയിലിന്റെ നടപടികൾ തകൃതിയായി നടക്കുകയായിരുന്നു.


കണ്ണൂര്... വിയ്യൂര്... പൂജപ്പുര
കേരളത്തിൽ നിലവിൽ 55 ജയിലുണ്ട്. ഇതിൽ പൂജപ്പുര, കണ്ണൂർ, വിയ്യൂർ എന്നിവയാണ് സെൻട്രൽ ജയിൽ. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണകാലത്തുമാണ് ഈ സെൻട്രൽ ജയിലുകൾ നിർമിച്ചത്. പൂജപ്പുര 1856ലും കണ്ണൂർ 1869ലും വിയ്യൂർ 1914ലുമാണ് സ്ഥാപിച്ചത്. തവനൂർ സെൻട്രൽ ജയിൽ വരുന്നതോടെ മലപ്പുറം, പാലക്കാട് ജില്ലയിലെ തടവുകാരെ അവിടേക്ക് മാറ്റാം. കോഴിക്കോട് ജില്ലയ്ക്കും ആശ്രയിക്കാം. നിലവിൽ ജില്ലാ ജയിൽ ഇല്ലാത്ത ഏക ജില്ലയാണ് മലപ്പുറം.ആദ്യഘട്ടത്തിൽ റിമാന്റ് പ്രതികളെ കൊണ്ടുവരാനാണ് തീരുമാനം.


ഫണ്ടില്ല...

ജയിലിലെ ആശുപത്രിയും ക്വർട്ടേഴ്സും വർക് ഷോപ്പും തുടങ്ങാൻ ഇതുവരെ ഫണ്ട് നൽകിയിട്ടില്ല. അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്,തടവുകാരുടെ ബ്ലോക്ക്,കിച്ചൺ എന്നിവയുടെ സിവിൽ വർക്കുകളാണ് ഇതുവരെ പൂർത്തിയായത്. സർക്കാർ വിട്ടുനൽകിയ മിനി പമ്പയിലെ റവന്യു ഭൂമിയിൽ കിണർ കുഴിച്ച് വെളളം പമ്പ് ചെയ്യാനുള്ള ശ്രമം പാതിവഴിക്ക് ഉപേക്ഷിച്ചിരുന്നു. ഇവിടെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റടക്കം സ്ഥാപിക്കുന്നതും കയ്യാലപുറത്താണ്.


മൂന്ന് നിലകളായാണ് നിർമ്മാണം. ഗ്രൗണ്ട് ഫ്‌ളോറിലെ പ്രവൃത്തികളെല്ലാം പൂർത്തിയായി. തത്ക്കാലം അതുമതി. കെട്ടിട നമ്പരും കുടിവെള്ളവുമില്ലാതെ ഉദ്ഘാടനം നടത്താനാകില്ലലോ..അതോക്കെ ശരിയായി. മലപ്പുറത്തുള്ള 100ഓളം തടവുകാരെയാണ് ഇങ്ങോട്ട് മാറ്റുന്നത്.

- ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TAVANOOR CENTRAL JAIL, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.