നാളുകൾക്ക് ശേഷം ഫേസ്ബുക്കിൽ ലോഗിൻ ചെയ്തു. പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യമൊന്നു അടിച്ചുവാരി വൃത്തിയാക്കുന്ന പോലെ പ്രൊഫൈൽ ഫോട്ടോയും വാൾപേപ്പറും മാറ്റി പുതിയത് അപ്ഡേറ്റ് ചെയ്തു. വീണ്ടും സജീവമായ വിവരം അറിയിക്കാം എന്ന് വിചാരിക്കുമ്പോഴാണ് what’s in your mind " എന്ന് ഫേസ്ബുക് ചോദിച്ചത്. ഫേസ്ബുക്കിന്റെ അണിയറപ്രവർത്തകർക്കും നാട്ടുകാർക്കും ഉള്ള മറുപടി ഞാൻ അപ്ഡേറ്റ് ചെയ്തു.
'യാത്ര
ഇവിടെ നിന്നും പുഴയിലേക്കും
അവിടെ നിന്നും കടലിലേക്കും
പിന്നെ ബാഷ്പമായ് വീണ്ടും പെയ്യുവാൻ
കാർമേഘമായി ഞാൻ തിരികെയെത്തും
പുഴയിലേക്കുള്ള യാത്രയിൽ
ലക്ഷ്യം പിഴച്ചു വീണത്
തോട്ടം നനയ്ക്കുവാൻ
കെട്ടിയുണ്ടാക്കിയ കുളത്തിൽ"
ചില യാത്രകൾ അങ്ങനെയാണ് ലക്ഷ്യത്തിൽ എത്തുമെന്ന് വിചാരിക്കുമെങ്കിലും അതിനുമുമ്പേ അവസാനിപ്പിക്കേണ്ടതായി വരും. നോട്ടിഫിക്കേഷനിൽ സൗഹൃദ ക്ഷണപത്രം അയച്ചവർ ഒരുപാട് ഉണ്ട് പലരെയും അറിയില്ല അവരുടെ പ്രൊഫൈൽ തപ്പിയാൽ അറിയാവുന്നവർ നിരവധിയും. ഫേസ്ബുക്കിൽ എപ്പോഴും അങ്ങനെയാണ് ഒരു പരിചയം ഇല്ലെങ്കിലും റിക്വസ്റ്റ് അയക്കുന്നവർ ഒരുപാടുപേർ ഉണ്ട്. റിക്വസ്റ്റ് അയച്ചതല്ലേ സ്വീകരിക്കാം എന്ന് വിചാരിച്ചു അക്സെപ്റ്റ് ചെയ്താൽ വൈകാതെ ചാറ്റാൻ വരും, സുഹൃത്തേ ചാറ്റാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തത് എന്ന് പറഞ്ഞുകൊണ്ട് ചൂടാകും. മുമ്പ് ഇതുപോലൊരു അനുഭവം ഉണ്ടായി. സർക്കാർ ഉദ്യോഗസ്ഥനായ ഒരാൾ സൗഹൃദത്തിന് ക്ഷണിച്ചു, ക്ഷണം സ്വീകരിക്കേണ്ട താമസം പിന്നെ മെസഞ്ചറിൽ വിളിക്കാനും ചാറ്റ് ചെയ്യാനും തുടങ്ങി. ചാറ്റ് ചെയ്യാൻ താത്പര്യം ഇല്ല, വ്യക്തിപരമായി അറിയില്ല എന്നുപറഞ്ഞപ്പോൾ അയക്കുന്ന മെസ്സേജുകളുടെ സ്വഭാവം മാറി. അവസാനം മറ്റുവഴികളില്ലാതെ വന്നപ്പോൾ ബ്ലോക്ക് ചെയ്തു. അതിനു ശേഷം അറിയാത്തവർ ആരുതന്നെ റിക്വസ്റ്റ് അയച്ചാലും ഞാൻ നോക്കാറുപോലും ഇല്ല. സ്ക്രോളുന്നതിനിടയിൽ ഉമ ശങ്കറിന്റെ റിക്വസ്റ്റിൽ ഞാൻ ഒരു നിമിഷം നിശ്ചലനായി. റിക്വസ്റ്റ് വന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു.അതായത് ഉമ മരിക്കുന്നതിന് ഒരാഴ്ചമുമ്പ്.
കവയത്രിയും ചിത്രകാരിയുമായിരുന്ന ഉമയുടെ മരണം അപ്രതീക്ഷിതമായിരുന്നു. അവ്യക്തമായ ചിത്രകൂട്ടുകളും മുഴുവനാക്കാതെ പോയ ചില കവിതകളും ബാക്കിയാക്കി മുപ്പത്തിയേഴാം വയസിൽ ലോകത്തോട് വിടപറഞ്ഞു. വരകൾക്കും അക്ഷരങ്ങൾക്കും അപ്പുറം അവരുടെ ജീവിതം ആരെയും അറിയിപ്പിച്ചിരുന്നില്ല.
ഒരു വർഷം മുമ്പാണ് ഞാൻ ഉമയെ പരിചയപ്പെടുന്നത് ടൗണിൽ നടന്ന ഒരു എക്സിബിഷനിൽ ഉമയുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട് നമുക്ക് കാണാൻ പോകണം എന്ന് സുഹൃത്ത് ഇർഫാൻ പറഞ്ഞപ്പോൾ നമുക്കൊരുമിച്ചുപോകാമെന്നു ഞാനും പറഞ്ഞു. വലിയവരായ ഒരുകൂട്ടം ചിത്രകാരന്മാരുടെ ഇടയിൽ ഉമയും കയ്യടി നേടി. കോളേജിൽ ഇർഫാന്റെ സീനിയർ ആയിരുന്നു ഉമ, ഇർഫാന്റെ വാക്കുകളിലൂടെയാണ് ഞാൻ കൂടുതലും ഉമയെപ്പറ്റി കേട്ടിട്ടുള്ളത് അവരുടെ ചിത്രങ്ങൾ കവിതകൾ എല്ലാം അവൻ പറഞ്ഞ അറിവുകൾ മാത്രമായിരുന്നു എനിക്ക്. എത്ര മനോഹരമായാണ് അവരുടെ ചിത്രങ്ങൾ ലോകത്തോട് സംസാരിക്കുന്നത്, പ്രണയവും സ്ത്രീയും വിഷയമാകുന്ന കവിതകളിലൂടെ ആരെയും പിടിച്ചിരുത്തുന്ന വാക്കുകളിലെ ലാളിത്യം. അതു തന്നെയായിരുന്നു അവരുടെ മുഖമുദ്ര.
ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ഒരിക്കൽ മാത്രം സംസാരിച്ച ഒരാൾ മാസങ്ങൾക്കിപ്പുറം മരണത്തിനു ഒരാഴ്ച മുൻപ് സൗഹൃദത്തിന് ക്ഷണിക്കുക എന്തിനായിരുന്നിരിക്കണം?
പതിയെ ഉമയുടെ പ്രൊഫൈലിലേക്ക്, ചിത്രങ്ങളും കവിതകളും നിറഞ്ഞുനിൽക്കുന്ന കാഴ്ചകളുടെ വസന്തത്തിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു. മരിച്ചുപോയൊരാളുടെ പ്രൊഫൈൽ നോക്കുന്നത് അയാൾ അറിയുന്നുണ്ടാകുമോ? ചിലപ്പോൾ എന്റെ അടുത്ത് അദൃശ്യനായിരുന്ന് എല്ലാം കാണുന്നുണ്ടാകാം. അവർ വരച്ച ചിത്രങ്ങൾക്കും കവിതകൾക്കും ലൈക് അടിക്കുന്നത് എന്ത് കമന്റ് ഇടണം എന്നറിയാതെ ആലോചനയിലാഴുന്നത് എല്ലാം നോക്കികൊണ്ട് ചിരിക്കുന്നുണ്ടാകാം. ഇത്രയുംനാൾ എന്റെ റിക്വസ്റ്റ് നോക്കാതെ നീ എന്തെടുക്കുകയായിരുന്നു എന്ന് ചോദിക്കുന്നുണ്ടാകാം.
മരിച്ചു പോയൊരാളുടെ പ്രൊഫൈൽ പിന്നെയും എത്ര നാൾ അവിടെ തന്നെ ഉണ്ടാകും? അത് നീക്കം ചെയ്യപ്പെടുമോ? മനസിലുടലെടുത്ത പലചോദ്യങ്ങൾക്കിടയിലും ഉമ പോസ്റ്റ് ചെയ്ത അവസാന കവിതയിൽ കഴ്സർ നിന്നു.
'കാൻവാസ്
മഴ നൃത്തം ചവിട്ടുന്നത്
കാൻവാസിൽ പകർത്താൻ ശ്രമിച്ചു .
ഏത് ഭാവമാണ് പകർത്തേണ്ടത്..."
ഇരുനൂറിലധികം കമന്റുകൾ അതിലധികം ലൈക്കുകൾ കമന്റുകൾ അധികവും ഉമയ്ക്ക് എന്തുപറ്റി എന്ന് ചോദിച്ചുകൊണ്ടാണ്. ഒന്നിനും മറുപടിയില്ല.നിറങ്ങളിൽ ജീവിച്ചവളുടെ ചായക്കൂട്ടുകൾ കട്ടപിടിക്കാൻ മാത്രം എന്താണ് സംഭവിച്ചിട്ടുണ്ടാവുക?മരണത്തിനു മൂന്ന് ദിവസം മുൻപാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. കവിതയ്ക്ക് താഴെ കവിത പോസ്റ്റ് ചെയ്തതിനു തൊട്ടുമുൻപുള്ള ദിവസം അപ്ലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ചിത്രം കൂടെയുണ്ട് മുഖത്തിന്റെ പകുതിയും ഇരുട്ടുകൊണ്ട് മറച്ചു ബാക്കി പകുതിയിൽ വിഷാദം നിഴലിച്ചു നിൽക്കുന്ന ഒരു ചിത്രം. കാൻവാസ് എന്ന കവിത എഴുതുന്നതിനും കാരണമായത് ഉമ വരച്ച ഈ ചിത്രം തന്നെയാണ് എന്ന് വ്യക്തം. ചിരിച്ചും ചിന്തിപ്പിച്ചും നടക്കുന്നതിനിടയിൽ മറ്റുള്ളവരറിയാത്ത ഒരു ജീവിതം കൂടി ഉമയ്ക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തം. മരിച്ചുപോയാളുടെ ജീവിതമാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്. മരിക്കുന്നതിന് മുമ്പ് എന്നോടെന്തെങ്കിലും പറയാനായിരിക്കുമോ എനിക്ക് റിക്വസ്റ്റ് അയച്ചിട്ടുണ്ടാവുക. അറിയില്ല... ഒന്നും അറിയില്ല ഇനി ചോദിയ്ക്കാൻ കഴിയില്ലല്ലോ. ചിലപ്പോൾ മറ്റുള്ളവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു സൗഹൃദം അവൾ ആഗ്രഹിച്ചിരിക്കണം.അല്ലെങ്കിൽ അവളെ അലട്ടിയിരുന്ന എന്തെങ്കിലും വിഷയത്തിൽ സഹായം എന്നിൽ നിന്നും പ്രതീക്ഷിച്ചിരിക്കണം. അതുമല്ലെങ്കിൽ വെറുമൊരു സൗഹൃദം, പരിചയം ഉള്ള ആളാണല്ലോ എന്ന പരിഗണനയിൽ സൗഹൃദവലയത്തിൽ ഒരാൾ കൂടെ ഇരിക്കട്ടെ എന്ന് വിചാരിച്ചിരിക്കണം. എന്ത് തന്നെയായാലും സമയമേറെ വൈകിപോയിരിക്കുന്നു. ഇനിയിപ്പോൾ ഉമയുടെ സൗഹൃദം സ്വീകരിച്ചാലും ഇല്ലെങ്കിലും എന്റെ ജീവിതത്തിൽ പ്രത്യേകമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ഒരുപക്ഷെ അവൾ മരിക്കുന്നതിന് മുമ്പായിരുന്നെങ്കിൽ അവളുടെ അവസാനനാളുകളിൽ കുറച്ചു സമയമെങ്കിലും ചാറ്റ് ചെയ്യുമായിരിക്കണം. ഉമയെഴുതിയ പുതിയ കവിതകളും ചിത്രങ്ങളും എനിക്ക് അയച്ചു തരികയും ഞങ്ങൾ അതേ പറ്റി ചർച്ചനടത്തുകയും ചെയ്തേനെ. സൗഹൃദത്തിന്റെ പുതുനാമ്പുകളെ മഞ്ഞിൻകണം ഈറനണിയിച്ചേനെ, സൂര്യരശ്മികൾ അതിൽ മഴവില്ലഴക് വിരിയിച്ചേനെ, ഉമയുടെ അവസാന കവിതയും ചിത്രവും പ്രതിപാദിക്കുന്ന പോലെയുള്ള വിഷാദാവസ്ഥകളിൽ നിന്നും കരകയറാൻ ഒരുപക്ഷേ എനിക്കവരെ സഹായിക്കാൻ കഴിയുമായിരുന്നിരിക്കണം.
ഉമയുടെ അക്കൗണ്ടിൽ നിന്നും മനസിലാകുന്ന ഒരുകാര്യം അവർ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നില്ല എന്നാണ്. ഇടയ്ക്കെപ്പോഴെങ്കിലും കയറി വരച്ച കുറെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇർഫാൻ പറഞ്ഞിട്ടുള്ളത് ഉമ ധാരാളം കവിതകൾ എഴുതിയിരുന്നു എന്നാണ് അതിൽ വളരെ കുറച്ചു മാത്രമാണ് ഫേസ്ബുക്കിൽ ഉള്ളത്. പുറംലോകം അറിയാതെ കിടക്കുന്ന ആ കവിതകൾ ഇപ്പോൾ ആരുടെ കയ്യിലാകാം. അതാരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ നാളെയൊരുന്നാൾ അയാളുടെ പേരിൽ അവ പ്രസിദ്ധീകരിക്കപ്പെടാം.
മുമ്പൊരിക്കൽ ഉമയുടെ കവിതകൾ എനിക്കും ഇർഫാനുമിടയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഞാൻ അവരുടെ ഫാമിലിയെപ്പറ്റി ചോദിച്ചിരുന്നു, കാര്യമായി അവനും വലിയ അറിവൊന്നും ഇല്ല എന്ന് പറഞ്ഞെങ്കിലും വീട്ടുകാരിൽ നിന്നെല്ലാം അകന്നു കഴിയുകയാണ് എന്ന് എനിക്ക് അവന്റെ സംസാരത്തിൽ നിന്നും മനസിലായി. വീട്ടുകാരിൽ നിന്നും അകന്നു എന്നാൽ സമൂഹത്തിൽ സജീവമായൊരുവളുടെ ആകസ്മികമായ മരണം അതും ചെറിയ പ്രായത്തിൽ ഒത്തിരിയേറെ സംശയത്തിനിടയാക്കുന്നുണ്ട്. നിറങ്ങളായിരുന്നു അവളുടെ ലോകം. നിറങ്ങളിലൂടെ അവൾ ലോകത്തോട് സംസാരിച്ചു. നിറങ്ങളെ അവൾ എന്തുമാത്രം ഇഷ്ടപ്പെട്ടിരുന്നു അത് നഷ്ടമാകുന്ന വേദന എന്തുമാത്രമാണെന്നും അറിയാൻ കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നിനു ഇട്ട വരികൾ മതിയാകും.
'ഇതുവരെ കണ്ടകാഴ്ചകൾ
മറയെരുതെന്നാശിച്ചിട്ടും നൊമ്പരം
ബാക്കിനൽകി
ചായക്കൂട്ടുകൾ പടർന്നൊലിച്ച
വർണ്ണ ചിത്രങ്ങൾ
കണ്ണിൽ കൂരിരുട്ടു പടരുമ്പോൾ
നിറങ്ങൾ നഷ്ടമായ ലോകത്തു
തനിച്ചായി ഞാൻ
അന്ധതയുടെ തിരശീലയിൽ
പഴയ ചിത്രങ്ങൾ ആവർത്തിച്ചു
കാണുകയായിരുന്നു
മനസിന്റെ ചായക്കോപ്പയിൽ
പുതിയ നിറങ്ങൾ
തേടുകയായിരുന്നു..."
പുറത്തുപറഞ്ഞില്ലെങ്കിലും ഉമ അനുഭവിച്ചിരുന്ന പ്രശ്നം എന്താണെന്ന് ഇപ്പോൾ ഏറെക്കുറെ വ്യക്തമാകുന്നു അനുദിനം കാഴ്ച നഷ്ടമായികൊണ്ടിരുന്ന ഒരാൾ അത് പൂർണമായും നഷ്ടമാകുന്നതിനു മുമ്പ് ജീവിതം അവസാനിപ്പിച്ചതാകുമോ, കാഴ്ചകളുടെ വർണങ്ങളുടെ ലോകത്തു നിറഞ്ഞു നിൽക്കുമ്പോൾ തന്നെ മോശമായ മറ്റൊരു ജീവിതാവസ്ഥയെകുറിച്ച് ചിന്തിക്കാനാവാതെ കടുത്ത വിഷാദത്തിനടിമയാവുക പിന്നെ മരണം വരിക്കുക.
ഉമ മരണത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുത്തതാണെങ്കിൽ അക്കാര്യം ആരുമെന്തേ അറിയാതെ പോയത്. അന്ന് പത്രത്തിൽ വന്ന വാർത്ത ഞാനിപ്പോഴും ഓർക്കുന്നു. ആർട്ടിസ്റ്റ് ഉമാശങ്കർ അന്തരിച്ചു എന്ന് മാത്രമാണ് പത്രത്തിൽ ഉണ്ടായിരുന്നത്. മരിച്ച നിലയിൽ മുറിയിൽ കാണുകയായിരുന്നു എങ്കിലും അസ്വഭാവികമായി ഒന്നുമില്ല എന്ന് പോലീസും സാക്ഷ്യപ്പെടുത്തി. മറ്റെന്തെങ്കിലും അസുഖമുള്ളതായി ഇർഫാനും പറഞ്ഞു കേട്ടിട്ടില്ല. അവനുമായിട്ടായിരുന്നു ഉമയ്ക്ക് ഏറെ അടുപ്പം. കോളേജ് വിട്ടതിനു ശേഷവും അത് തുടർന്നു. പക്ഷേ ഉമയുടെ സ്വകാര്യജീവിതത്തെ അവർ ആർക്കുമുന്നിലും തുറന്നില്ല. അടഞ്ഞൊരു പുസ്തകമായി അതിപ്പോഴുമങ്ങനെ നിലകൊള്ളുന്നു. ഫേസ്ബുക്കിൽ സൗഹൃദത്തിന് ക്ഷണിക്കാനായിരുന്നെങ്കിൽ ഉമയ്ക്കതു നേരത്തെ ആകാമായിരുന്നു.ഏറെ ആശ്ചര്യപ്പെടുത്തുന്നത് മരണത്തിനു മുൻപുള്ള ആ ഒരാഴ്ചയാണ് ഞാൻ അറിയാതെപോയ ഒരാഴ്ച.
ജീവിതത്തിനും മരണത്തിനുമിടയിൽ വളരെയേറെ പ്രധാനപ്പെട്ട ആ ആഴ്ചയായിരിക്കണം. മറ്റൊരാൾക്കുപോലും മനസിലാവാത്ത രീതിയിൽ ജീവിതംഅവസാനിപ്പിക്കാൻ ഉമയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എത്ര സുന്ദരമായാണ് അവൾ അത് നിറവേറ്റിയത്. അസ്വഭാവികമായി ഒരു പഴുതുപോലും അവശേഷിപ്പിക്കാതെ ശരീരം കീറിമുറിച്ചു പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കാൻ അനുവദിക്കാതെ അവർ മരണത്തിലേക്ക് നടന്നു പോയി. നിറങ്ങളില്ലാത്ത ഒരുലോകത്തെ ഒരു ചിത്രകാരിക്ക് എങ്ങനെയാണ് സങ്കൽപ്പിക്കാൻ കഴിയുക.
നാളുകൾക്ക് ശേഷം ഫേസ്ബുക്കിന്റെ അണിയറപ്രവർത്തകർ ഇനി നീ ലോഗിൻ ചെയ്യില്ല എന്നുറപ്പാക്കി അവരുടെ സെർവറിൽ നിന്നും നീക്കം ചെയ്യും. നീ അവശേഷിപ്പിച്ച ചിത്രങ്ങളും കവിതകളും അവർ സൂക്ഷിക്കുമോ എന്നറിയില്ല. അതുകൊണ്ട് ഞാനവയെല്ലാം എന്റെ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയാണ് നിന്റെ ബാക്കിയുള്ള കവിതകൾ കൂടെ കണ്ടെത്തി ഉമാശങ്കറിനെ ലോകമറിയാൻ ഒരു പുസ്തകത്തിലേക്ക് നിന്നെ കുടിയിരുത്തും,നിനക്കുവേണ്ടി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രമാണ്. ഒരു പക്ഷേ ഇതൊക്കെ പറയാനാണോ നീയെനിക്ക് റിക്വസ്റ്റ് അയച്ചത്.
ഉമ... നിന്റെ ഫ്രണ്ട് റിക്വസ്റ്റ് ഞാനിപ്പോൾ അക്സെപ്റ്റ് ചെയ്യുകയാണ്. നീയറിയുന്നില്ലെങ്കിലും നിന്റെ പ്രൊഫൈലിൽ ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്.